തിരുനക്കരയിൽ സൗജന്യ ആതുരാലയം തുടങ്ങി
1548153
Monday, May 5, 2025 7:17 AM IST
കോട്ടയം: തിരുനക്കരയിൽ സൗജന്യ ആതുരാലയം പ്രവർത്തനം ആരംഭിച്ചു. ഇതോടെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ക്യൂനിൽക്കാതെ മരുന്നു വാങ്ങി വീട്ടിലെത്താം. കോട്ടയം നഗരസഭയുടെ കീഴിൽ തിരുനക്കര പുതിയ തൃക്കോവിൽ ക്ഷേത്രത്തിനു സമീപം ശബരി കോംപ്ലക്സിലാണ് സൗജന്യ ആതുരാലയം ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച്ചയും പൊതു അവധിദിനങ്ങളും ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറു വരെയാണ് ആതുരാലയത്തിന്റെ പ്രവർത്തനം.നഗര ജനകീയ ആരോഗ്യ കേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന ആതുരാലയം ചുങ്കം, പനയക്കഴിപ്പ്, അറത്തൂട്ടി, പഴയ ചന്ത, തളിയിൽകോട്ട, ആലുംമൂട്, പുത്തനങ്ങാടി, യൂണിയൻ ക്ലബ്, തെക്കുംഗോപുരം, കോടിമത, വയസ്്കര, ചിറയിൽപ്പാടം, തിരുനക്കര എന്നിവിടങ്ങളിലെ ആളുകൾക്കാണ് ഏറെ പ്രയോജനകരമാകുന്നത്. വയോമിത്രം രോഗികൾക്കുള്ള മരുന്നുവിതരണം അങ്കണവാടിയിൽനിന്നു മാറ്റി ഇവിടെനിന്നു വിതരണം ചെയ്യും.
മുനിസിപ്പൽ കൗൺസിലർമാരായ ഡോ.പി.ആർ സോന, സിൻസി പാറേൽ, ജയമോൾ ജോസഫ്, ജാൻസി ജേക്കബ്, ടോം കോര, എസ്.ജയകൃഷ്ണൻ, എൻ.ജയചന്ദ്രൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ചുങ്കം, പനയക്കഴിപ്പ്, അറത്തൂട്ടി, പഴയചന്ത, ആലുംമൂട് എന്നിവിടങ്ങളിൽനിന്നു വരുന്നവർക്ക് ചാലുകുന്ന് വഴി ശ്രീനിവാസ അയ്യർ റോഡിലൂടെയും പുതിയ തൃക്കോവിൽ ക്ഷേത്രം റോഡിലൂടെയും കോടിമത, വയസ്്കര, പുത്തനങ്ങാടി, തിരുനക്കര തുടങ്ങിയയിടങ്ങളിൽനിന്ന് എത്തുന്നവർക്ക് പുതിയ തൃക്കോവിൽ ക്ഷേത്രത്തിനു മുന്നിലൂടെയും ആരോഗ്യ കേന്ദ്രത്തിലെത്താം.