നഗരസഭയില്‍ ജനം യുഡിഎഫിനെ അധികാരത്തിലേറ്റും: മാണി സി. കാപ്പന്
1547644
Sunday, May 4, 2025 3:39 AM IST
പാലാ: ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിന്റെ കീഴില്‍ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥതമൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനംമടുത്ത ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്നു മാണി സി. കാപ്പന് എംഎല്‍എ. എംഎല്‍എ ഫണ്ട് വിനിയോഗിച്ചു നഗരസഭയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ സ്വന്തം നേട്ടമാക്കി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് നഗരസഭാ ഭരണാധികാരികളെന്നു മാണി സി. കാപ്പന് കൂട്ടിച്ചേർത്തു.
നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും ദുര്‍ഭരണത്തിനും എതിരെ നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പ്രഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. എന്‍.സുരേഷ്, ജോര്‍ജ് പുളിങ്കാട്, സന്തോഷ് മണര്‍കാട്, സാബു ഏബ്രഹാം, ഷോജി ഗോപി, പ്രിന്‍സ് വി.സി, തോമസുകുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, എം.പി കൃഷ്ണന് നായര്‍, ആനി ബിജോയി, സിജി ടോണി, ലിജി ബിജു, ജിമ്മി ജോസഫ്, ബിജോയി എബ്രഹാം, തുടങ്ങിയവര്‍ പ്രസംഗിച്ചു.