സയൻസ് സിറ്റി ഉദ്ഘാടനത്തിൽ സർക്കാർ വ്യക്തത വേണമെന്ന്
1547923
Sunday, May 4, 2025 11:31 PM IST
കുറവിലങ്ങാട്: സയൻസ് സിറ്റിയുടെ ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യക്തത വരുത്തണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപിയും മോൻസ് ജോസഫ് എംഎൽഎയും ആവശ്യപ്പെട്ടു.
2014ൽ നിർമാണം ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ട സയൻസ് സിറ്റി 11 വർഷം കഴിഞ്ഞിട്ടും തുറക്കാത്തത് അനീതിയാണെന്ന് എംപിയും എംഎൽഎയും ആരോപിച്ചു. ജനവികാരം കണക്കിലെടുത്ത് സയൻസ് സിറ്റിയുടെ നിർമാണ പുരോഗതി വിലയിരുത്താനും നടപ്പാക്കാത്ത പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുന്നതിനുമായി ഇന്നു രാവിലെ പത്തിന് സയൻസ് സിറ്റി സന്ദർശനവും വികസനയോഗവും നടത്തുമെന്നും പ്രാദേശിക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും എംഎൽഎ അറിയിച്ചു.
2025 ജനുവരി ഒന്നിന് സയൻസ് സിറ്റി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞിരുന്നു. 2025 മേയ് 11ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗവും അറിയിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി സയൻസ് സിറ്റി നേരിട്ട് സന്ദർശിച്ച് മേയിൽ ഉദ്ഘാടനം നടത്തുമെന്ന് അറിയിച്ചു.
ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്കപ്പുറം കാര്യങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ അവ്യക്തത മാറ്റാൻ സർക്കാർ തയാറാകണമെന്നാണ് എംപിയുടെയും എംഎൽഎയുടെയും ആവശ്യം.