തുരുത്തി-മുളയ്ക്കാംതുരുത്തി റോഡ് നിര്‍മാണം എസ്പിഎല്‍ ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക്
1547876
Sunday, May 4, 2025 7:35 AM IST
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം-എടത്വ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണച്ചുമതല എസ്പിഎല്‍ ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നാലാം പാക്കേജില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ ബാങ്കിന്റെ ധനസഹായത്തോടുകൂടി കെഎസ്ടിപി മുഖാന്തരം നിര്‍മിക്കുന്ന റോഡിന്റെ ടെന്‍ഡര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്. ഭരണാനുമതി ലഭിച്ച 156 കോടി രൂപയില്‍നിന്നും ജിഎസ്ടി തുക ഒഴിവാക്കിയുള്ള 107 കോടി രൂപയുടെ ടെന്‍ഡറാണ് ക്ഷണിച്ചത്.
ആധുനികരീതിയില്‍ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും പരിശോധിച്ച് കുറ്റമറ്റ രീതിയിലാണ് റോഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
റോഡ് താഴാതിരിക്കാന്‍ കോക്കനട്ട് പൈലിംഗ്
റോഡിന്റെ ഇരുവശങ്ങളിലും റീടെയിനിംഗ് വാളുകള്‍ നിര്‍മിക്കും. റോഡിന്റെ ഉപരിതലം ബലപ്പെടുത്തുന്നതിന് ജിയോ ഗ്രിഡ് സംവിധാനം, കൂടാതെ ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡ് താഴ്ന്നു പോകാകാതിരിക്കാന് റോഡ് ബലപ്പെടുത്തുന്നതിനായി തെങ്ങിന്‍കുറ്റികള്‍ ഉപയോഗിച്ചുള്ള കോക്കനട്ട് പൈലിംഗ് എന്നിവ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ റോഡില്‍ നിലവിലുള്ള എല്ലാ കള്‍വര്‍ട്ടുകളും വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്നതിനും കൃഷിക്കാര്‍ക്ക് കൃഷി ഉപകരണങ്ങള്‍കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തില്‍ അമ്പതോളം റാമ്പുകളും നിര്‍മിക്കും.
റോഡ് നിര്‍മാണം തുടങ്ങിയിട്ട് നാലുവര്‍ഷക്കാലം
ചങ്ങനാശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളില്‍ ഒന്നായ തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ നിര്‍മാണം റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 2021ലാണ് ആരംഭിച്ചത്. നിര്‍മാണത്തിലെ അപാകതകള്‍ മൂലം 2023 ജനുവരിയില്‍ കരാറുകാരനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. തുടര്‍ന്ന് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് വാഹന സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും വലിയ ദുരിതത്തിനിടയാക്കി.
തുടര്‍ന്ന് ജോബ് മൈക്കിള്‍ എംഎല്‍എയുടെ ശ്രമഫലമായി പഴയ കരാര്‍ റദ്ദാക്കുകയും വീയപുരം മുതല്‍ മുളയ്ക്കാംതുരുത്തി വരെയുള്ള 22 കിലോമീറ്റര്‍ റോഡ് ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന് പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി വാങ്ങുകയുമായിരുന്നു.
18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും
18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ ദീര്‍ഘനാളായ ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രദുരിതത്തിന് ശാശ്വത പരിഹാരമാവും.
2025 ജനുവരിയില്‍ നടപടികള്‍ ആരംഭിച്ചു. സാങ്കേതിക യോഗ്യതാ പരിശോധന പൂര്‍ത്തീകരിച്ച് ജർമന്‍ ബാങ്കിന്റെ അനുമതി ലഭ്യമായശേഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് നിര്‍മാണ ചുമതല എസ്പിഎല്‍ ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് നല്‍കിയത്.
ജോബ് മൈക്കിള്‍ എംഎല്‍എ