പുഞ്ച വിളവെടുപ്പ് അവസാന ഘട്ടത്തില്‍
1547650
Sunday, May 4, 2025 3:46 AM IST
കോട്ടയം: പുഞ്ചക്കൊയ്ത്തും നെല്ലുസംഭരണവും ജില്ലയില്‍ അവസാന ഘട്ടത്തിലേക്ക്. 85 ശതമാനം പാടങ്ങളിലും കൊയ്ത്ത് പൂര്‍ത്തിയായി.
അപ്രതീക്ഷിത വേനല്‍മഴയില്‍ മുന്‍പൊരിക്കലുമുണ്ടാകാത്ത വിളനഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്കുണ്ടായത്. 26 കിലോ വരെ നെല്ല് കിഴിവു നല്‍കേണ്ടിവന്നതും ഇതാദ്യമായാണ്.
മില്ലുകാര്‍ വിട്ടുനില്‍ക്കുകയും കൊയ്ത്ത് യന്ത്രങ്ങള്‍ വൈകുകയും ചെയ്തതോടെ 15 ശതമാനം വിളവ് പാടങ്ങളില്‍ നഷ്ടമായതായാ ണ് വിലയിരുത്തല്‍. കിഴിവിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 30 ദിവസം വരെ വിവിധ പാടങ്ങളില്‍ നെല്ല് കൂടിക്കിടന്നു. സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഗുരുതരമായ അനാസ്ഥയാണ് രണ്ടര മാസം നീണ്ട കൊയ്ത്ത് സീസണിലെ കൊയ്ത്തും സംഭരണവും താറുമാറാകാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സപ്ലൈകോയ്ക്കു കൈമാറിയ നെല്ലിന്റെ പണത്തിനായി കാത്തിരിപ്പു തുടരുകയാണ്. 400 കോടി രൂപയുടെ നെല്ല് ഇതു വരെ കൈമാറിയിട്ടുണ്ട്. നെല്ല് വിറ്റതിന് പാഡി ഓഫീസര്‍ നല്കുന്ന രസീത് കര്‍ഷകര്‍ ബാങ്കുകളില്‍ സമര്‍പ്പിച്ച് കാത്തിരിപ്പു തുടരുകയാണ്. വില ലഭിക്കാന്‍ ആറു മാസം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.