സെന്റ് ഡൊമിനിക്സിൽ ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലനം
1547632
Sunday, May 4, 2025 3:39 AM IST
കാഞ്ഞിരപ്പള്ളി: നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്റെ (എൻബിഎച്ച്എം) സാമ്പത്തിക സഹായത്തോടെ സെന്റ് ഡൊമിനിക്സ് കോളജ് ഗണിതശാസ്ത്ര വകുപ്പും മാത്തമാറ്റിക്സ് ടെയ്നിംഗ് ആന്‍ഡ് ടാലന്റ് സെർച്ചും (എംടിടിഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഷഡ്ദിന ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലന ശില്പശാലയ്ക്ക് നാളെ തുടക്കമാകും.
ഗണിതശാസ്ത്രത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഈ ശില്പശാലയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 യുവ ഗണിതശാസ്ത്രപ്രതിഭകൾ പങ്കെടുക്കും. ശില്പശാല രൂപകല്പന ചെയ്തിരിക്കുന്നത് ഗണിതശാസ്ത്ര പരിശീലന രംഗത്ത് രാജ്യത്തെ ഏറ്റവും പ്രശസ്ത സ്ഥാപനമായ എംടിടിഎസ് ആണ്. കേന്ദ്രസർക്കാർ സ്ഥാപനമായ എൻബിഎച്ച്എം സാമ്പത്തിക പിന്തുണ നൽകും.
പ്രഫ.ഡോ. വിഷ്ണു നമ്പൂതിരി (ബിജെഎം കോളജ് ചവറ), പ്രഫ.ഡോ.കെ.വി ജയന്തൻ (ഐഐടി മദ്രാസ്), ഡോ. ഗായത്രി പണിക്കർ (വിഐടി വെല്ലൂർ) എന്നീ പ്രഗത്ഭ അധ്യാപകർ ക്ലാസുകൾ നയിക്കും. മാനേജർ റവ.ഡോ. കുര്യൻ താമരശേരി, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, വകുപ്പു മേധാവി ഡോ. ഷിബു മാനുവൽ, പ്രഫ. റാണി ജോസ് എന്നിവർ നേതൃത്വം നൽകും.