വൈക്കം ബോട്ടുജെട്ടി കെട്ടിടം : പുനർനിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
1547873
Sunday, May 4, 2025 7:25 AM IST
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം തനിമ നിലനിർത്തി ചരിത്രസ്മാരകമായി പുനർനിർമിക്കുന്നതിന്റെ പണികൾ പുരോഗമിക്കുന്നു . ബോട്ടുജെട്ടിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ബോട്ടുജെട്ടി കെട്ടിടത്തിന്റെ പഴയ രൂപത്തിനു മാറ്റംവരുത്താതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
ഓഗസ്റ്റ് ആദ്യ ആഴ്ച പണികൾ പൂർത്തിയാക്കാനാണ് അധികൃതർ ശ്രമം നടത്തിവരുന്നത്. ബോട്ടുജെട്ടിയുടെ നവീകരണത്തിനായി ആദ്യഘട്ടം 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് കരിങ്കൽക്കെട്ട് ബലപ്പെടുത്തുകയും നീണ്ട പ്ലാറ്റ്ഫോം വീതി കൂട്ടിപ്പണിത് ടൈൽ പാകുകയും ചെയ്തത്.
കെട്ടിടത്തിന്റെ മേൽക്കൂരയുടെ ആസ്ബറ്റോസ് മാറ്റാൻ ശ്രമം ആരംഭിച്ചപ്പോൾ നാട്ടുകാർ എതിർപ്പുമായി എത്തിയതോടെ പണി നിലച്ചു. പിന്നീട് തനിമ നിലനിർത്തി ബോട്ടുജെട്ടി പുനർനിർമിക്കാൻ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം നൽകുകയായിരുന്നു.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനായി വന്ന മഹാത്മജി അടക്കമുള്ള നേതാക്കൾ ബോട്ടു മാർഗമെത്തി വൈക്കം ജെട്ടിയിലാണ് ഇറങ്ങിയത്. ബോട്ടുജെട്ടി ചരിത്രസ്മാരകമായി പുനർനിർമിക്കണമെന്ന് ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.