ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നിലയ്ക്കുന്നു
1548159
Monday, May 5, 2025 7:29 AM IST
ചങ്ങനാശേരി: ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഓരോന്നായി നിലയ്ക്കുന്നു. ആറുമാസം മുമ്പാരംഭിച്ച കോയമ്പത്തൂര്‍ സര്‍വീസും ഒരാഴ്ചമുമ്പ് നിര്‍ത്തലാക്കി. കളക്ഷനില്ലെന്ന കാരണം പറഞ്ഞാണ് ദീര്‍ഘദൂര സര്‍വീസുകളെല്ലാം വെട്ടിക്കുറയ്ക്കുന്നത്.
വേണ്ടത്ര ദീര്‍ഘവീക്ഷണവും ആലോചനകളുമില്ലാതെ മേലുദ്യോഗസ്ഥര്‍ പെര്‍മിറ്റുകള്‍ തരപ്പെടുത്തുന്നതാണ് സര്‍വീസുകള്‍ റദ്ദു ചെയ്യേണ്ടി വരുന്നതിനു കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പെര്‍മിറ്റുകള്‍ എഴുതിയുണ്ടാക്കുമ്പോള്‍ റൂട്ടുകളുമായി ബന്ധമുള്ള ജീവനക്കാരോട് അഭിപ്രായം തേടുന്നത് അഭികാമ്യമാണെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
ദീര്‍ഘകാലം സര്‍വീസ് നടത്തിയിരുന്ന പഴനി ബസ് ആറുമാസം മുമ്പ് നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് അടുത്തകാലത്ത് ആരംഭിച്ച കോയമ്പത്തൂര്‍ സര്‍വീസും നിര്‍ത്തിയത്. രാവിലെ 7.25ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെട്ട് മൂവാറ്റുപുഴ, തൃശൂര്‍, ചിറ്റൂര്‍ വഴി വൈകുന്നേരം നാലിന് കോയമ്പത്തൂരെത്തി അന്നു വൈകുന്നേരം ആറിന് അവിടെനിന്നു പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ രണ്ടിന് ചങ്ങനാശേരിയില്‍ എത്തുന്ന രീതിയിലായിരുന്നു ഈ സര്‍വീസിന്റെ സമയക്രമീകരണം. എന്നാൽ, 562 കിലോമീറ്ററിന് 13,000 രൂപ മാത്രമാണ് കളക്ഷന്‍ ലഭിക്കുന്നത്.
കോയമ്പത്തൂര്‍ സര്‍വീസ് റൂട്ട് പുനഃക്രമീകരിച്ച് ആരംഭിക്കണം
നിലവിലുള്ള കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസിന് കളക്ഷന്‍ കുറയുമെന്ന് നേരത്തേതന്നെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും മേലുദ്യോഗസ്ഥര്‍ ചെവിക്കൊ ണ്ടിരുന്നില്ല. ഈ സര്‍വീസ് തൃശൂര്‍, പാലക്കാട് വഴി കോയമ്പത്തൂര്‍ എത്തുന്നവിധം പുനഃക്രമീകരിച്ചാല്‍ കളക്ഷന്‍ മെച്ചപ്പെടുമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരും ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവരും പറയുന്നത്.
ഈ രീതിയില്‍ റൂട്ട് ക്രമീകരിക്കണമെന്ന് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ രേഖാമൂലം കെഎസ്ആര്‍ടിസി മാനേജ്മെന്റിന് കത്ത് നല്‍കിയിട്ടുമുണ്ട്.
കെഎസ്ആര്‍ടിസിയുടെ പ്രസ്റ്റീജ് വേളാങ്കണ്ണി സര്‍വീസ് നശിപ്പിക്കുന്നതാര്?
വേളാങ്കണ്ണിക്ക് ഇപ്പോള്‍ സ്വിഫ്റ്റ് സര്‍വീസാണ് ഓടുന്നത്. ഡീലക്സ് ബസ് ഉപയോഗിച്ച് സ്വിഫ്റ്റ് സര്‍വീസ് തുടങ്ങിയതോടെയാണ് വേളാങ്കണ്ണി സര്‍വീസ് നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. ജീവനക്കാരുടെ ആത്മാര്‍ഥതക്കുറവാണ് ഈ കേരളത്തിലെതന്നെ പ്രസ്റ്റീജ് സര്‍വീസെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടിരുന്ന റൂട്ട് തകരാന്‍ കാരണം.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്ന കാലത്ത് എക്സ്പ്രസ് ബസാണ് ഓടിയിരുന്നത്. അന്നു മിനിമം അറുപതിനായിരം വരെ കളക്ഷന്‍ ലഭിച്ചിരുന്നു. സീസണല്ലാത്തപ്പോള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ ഈ ബസ് സര്‍വീസ് നടത്തുന്നുള്ളു. സീസണായതിനാല്‍ ഇപ്പോൾ എല്ലാ ദിവസവും ഈ ബസ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാൽ, നാല്പതിനായിരം രൂപ വരെ മാത്രമേ കളക്ഷനുള്ളു. സ്വിഫ്റ്റ് സര്‍വീസ് ഏറ്റെടുത്ത ശേഷം ബസ് നിരവധി തവണ അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്.
സ്വിഫ്റ്റിനെ ഒഴിവാക്കണം;
കെഎസ്ആര്‍ടിസി നേരിട്ട് ഓപ്പറേറ്റ് ചെയ്യണം
കളക്ഷന്‍ കുറയാനുള്ള കാരണം പഠിച്ച് പരിഹാരം കാണാന്‍ മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല. സൂപ്പര്‍ എക്സ്പ്രസ് ഓടിയപ്പോള്‍ സീറ്റ് ചാര്‍ജ് 730 രൂപയായിരുന്നു. എസി സൗകര്യം പോലുമില്ലാത്ത സ്വിഫ്റ്റ് ഡീലക്സ് ഇപ്പോള്‍ സീറ്റിന് 901 രൂപ വാങ്ങിയാണ് സര്‍വീസ് നടത്തുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെട്ട്, കോട്ടയം, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗല്‍, ട്രിച്ചി, തഞ്ചാവൂര്‍, നാഗപട്ടണം വഴിയാണ് ഈ ബസ് വേളാങ്കണ്ണിയിലെത്തുന്നത്.
സ്വിഫ്റ്റ് നിര്‍ത്തലാക്കി സൂപ്പര്‍ എക്സ്പ്രസ് ബസ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി നേരിട്ട് ഓപ്പറേറ്റ് ചെയ്താലേ ഈ സര്‍വീസും നിലനില്ക്കുകയുള്ളൂ. മുപ്പതിലേറെ വര്‍ഷമായി സര്‍വീസ് നടത്തുന്ന ഈ സര്‍വീസ് കളക്ഷന്റെ പേരുപറഞ്ഞ് ഉഴപ്പാനുള്ള അധികൃതരുടെ നീക്കം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി തയാറാകണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.