നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി ആൽബിൻ വിടപറഞ്ഞു
1547883
Sunday, May 4, 2025 9:57 PM IST
മുണ്ടക്കയം: ഒരു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി പന്തപ്ലാക്കൽ കുടുംബത്തിന്റെ പ്രതീക്ഷകളെ ഇല്ലാതെയാക്കി ആൽബിൻ മടങ്ങി. മീനച്ചിലാറ്റിൽ മുങ്ങി മരിച്ച തെക്കേമല പന്തപ്ലാക്കൽ ആൽവിൻ ജോസഫ് (21) ഇനി നീറുന്ന ഓർമ.
ശനിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് നാലംഗ വിദ്യാർഥിസംഘം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ആൽബിനും അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. വിവിധ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ ശക്തമാക്കുമ്പോഴും നാട് ഒന്നാകെ ആൽബിനെ ജീവനോടെ കിട്ടണമേയെന്ന പ്രാർഥനയിലായിരുന്നു.
ജർമൻ ഭാഷാ പഠനത്തിനുശേഷം വിദേശത്തു ജോലി നേടി കുടുംബത്തെ രക്ഷിക്കണമെന്ന് ആഗ്രഹിച്ചായിരുന്നു ആൽബിന്റെ പഠനം. എന്നാൽ, എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി ആൽബിൻ മടങ്ങി. പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു തെക്കേമലയിലുള്ള ഭവനത്തിൽ മൃതദേഹം എത്തിക്കും. തുടർന്ന് സെന്റ് മേരീസ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടക്കും.