സിഐ നിർമാണം തടഞ്ഞു; എരുമേലിയിലെ കംഫർട്ട് സ്റ്റേഷൻ ശുചീകരണം മുടങ്ങി
1547642
Sunday, May 4, 2025 3:39 AM IST
എരുമേലി: പഞ്ചായത്ത് വക ശുചി മുറികളുടെ ടാങ്കിൽ അറ്റകുറ്റപ്പണികളും ശുചീകരണവും നടത്തിക്കൊണ്ടിരുന്നവർ മദ്യപിച്ചിട്ടാണ് നിർമാണങ്ങൾ നടത്തുന്നതെന്ന് ആരോപിച്ച് സിഐ പണികൾ തടഞ്ഞു. സംഭവം വിവാദമായതോടെ നിലപാട് മാറ്റി സിഐ. ഇതോടെ ഒരു ദിവസം മുടങ്ങിയ നിർമാണങ്ങൾ പുനരാരംഭിച്ചു.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എരുമേലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു ആണ് രാത്രിയിൽ ബസ് സ്റ്റാൻഡിൽ പട്രോളിംഗ് നടത്തുന്നതിനിടെ പണികൾ തടഞ്ഞ് നിർത്തി വപ്പിച്ചത്. ദുർഗന്ധം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ചോർച്ച മാറ്റാൻ ജെസിബി ഉപയോഗിച്ച് നിർമാണങ്ങൾ നടത്തി മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് പണികൾ തടഞ്ഞത്.
രാത്രിയിൽ ഇത്തരം ജോലികൾ പാടില്ലന്നും മദ്യ ലഹരി ഇല്ലാതെ പണികൾ നടത്തിയാൽ മതിയെന്നും എസ്എച്ച്ഒ പറഞ്ഞെന്ന് തൊഴിലാളികൾ പറയുന്നു. ഇതോടെ നിർമാണങ്ങൾ നിർത്തി തൊഴിലാളികൾ പോയി. പിറ്റേന്ന് പണികൾ നടത്താനും ഇവർ എത്തിയില്ല.
ഇതോടെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇവരെ വീണ്ടും വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം പണികൾ പുനരാരംഭിക്കുകയായിരുന്നു. നിർമാണം തടസപ്പെടുത്തില്ലെന്ന് പോലീസിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പണികൾ പുനരാരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.