ഭരണങ്ങാനത്തെ മുങ്ങിമരണം; ശക്തമായ ഒഴുക്കും ആഴവും തെരച്ചില്‍ ദുഷ്കരമാക്കി
1547932
Sunday, May 4, 2025 11:31 PM IST
ഭരണങ്ങാനം: മീനച്ചിലാറ്റിലെ ആഴമേറിയതും ശക്തമായ ഒഴുക്കുള്ളതുമായ ഭാഗത്താണ് വിദ്യാര്‍ഥികളെ കാണാതായത്. അതുകൊണ്ടുതന്നെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ഫയര്‍ഫോഴ്സ് സ്കൂബാ സംഘവും സന്നദ്ധ സംഘടനകളും തെരച്ചില്‍ പുനരാരംഭിച്ചത്.
പാലാ പോലീസും എത്തിയിരുന്നു. വ്യത്യസ്ത സംഘങ്ങളായി വിലങ്ങുപാറ കടവില്‍ നിന്നായിരുന്നു തുടക്കം. രണ്ടു കിലോമീറ്ററോളം താഴെ കളരിയാമ്മാക്കല് ചെക്ക്ഡാം ഭാഗം വരെ തെരച്ചില്‍ നടത്തിയെങ്കിലും ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കുംമൂലം ഫലം കണ്ടില്ല.
ജലനിരപ്പ് കുറച്ച് തെരച്ചില്‍ സുഗമമാക്കാന്‍ കളരിയാമ്മാക്കല് ചെക്ക്ഡാം തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ചെക്ക്ഡാമിന്റെ ഷട്ടറില്‍ അടിഞ്ഞുകൂടിയ തടികളും ചെളിയും മാലിന്യങ്ങളും പാലത്തില്‍നിന്ന് ജെസിബി ഉപയോഗിച്ച് നീക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നേരവും തുടരുകയാണ്.
ഇതേത്തുടര്‍ന്ന് രാവിലെ തെരച്ചില്‍ നടത്തിയ ഭാഗങ്ങളില്‍ തിരികെയെത്തി വീണ്ടും നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ഡീന്‍ കുര്യാക്കോസ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ, പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, സാവിയോ കാവുകാട്ട്, ബിന്ദു മനു, ടോണി തൈപ്പറമ്പില്‍, പ്രസാദ് പെരുമ്പള്ളി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നിടത്ത് എത്തിയിരുന്നു.