അനുഗ്രഹനിറവില്‍ മണ്ണാര്‍കുന്ന് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
1547927
Sunday, May 4, 2025 11:31 PM IST
അതിരമ്പുഴ: അനുഗ്രഹനിറവില്‍ മണ്ണാര്‍കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഒരു വര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം.
ഇന്നലെ വൈകുന്നേരം നടന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷങ്ങള്‍ വിശ്വാസജീവിതം കൂടുതല്‍ പ്രോജ്വലമാക്കാന്‍ കാരണമാകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്നതിനൊപ്പം വരുംതലമുറയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ശതാബ്ദി ആഘോഷമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. ശതാബ്ദി സ്മരണികയുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്കറിയ കന്യാകോണില്‍ നിര്‍വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം പ്രഫ.ഡോ. റോസമ്മ സോണി, ഇടവക വൈദികരുടെ പ്രതിനിധി ഫാ. മാത്യു കാഞ്ഞിരംകാലാ, എഫ്സിസി ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
വികാരി ഫാ. ഏബ്രഹാം തര്‍മശേരി സ്വാഗതവും ശതാബ്ദി ആഘോഷ ജനറല്‍ കണ്‍വീനര്‍ എല്‍.വി. ജോമോന് കൃതജ്ഞതയും പറഞ്ഞു. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഇടവകയെക്കുറിച്ച് തയാറാക്കിയ ഡോക്കുമെന്ററി കൃപയുടെ തിരമാലയുടെ പ്രകാശനം ശാന്തിഗിരി ആശ്രമത്തിലെ ചന്ദ്രപ്രകാശ് നിര്‍വഹിച്ചു.
രാവിലെ മന്ത്രി വി.എന്‍. വാസവന് പള്ളിയിലെത്തി ആശംസകള്‍ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഫ്യൂഷന്‍, സ്നേഹവിരുന്ന് എന്നിവയോടെ സമ്മേളനം സമാപിച്ചു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി.
മണ്ണാര്‍കുന്ന് ഇടവകാംഗങ്ങളായ വൈദികര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജോസ് ഇല്ലിച്ചിറ, ജോസ് കുഴിപ്പറമ്പില്‍, ജോണി കീപ്പുറം, പബ്ലിസിറ്റി കണ്‍വീനര്‍ ജിനു ഗ്രിഗോറിയോസ് കരിമ്പുകാലാ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.