സ്പ്രെയിംഗ്, മഴമറ സബ്സിഡിക്കു തുടക്കമായി
1547652
Sunday, May 4, 2025 3:46 AM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് സ്പ്രെയിംഗിനും മഴമറയ്ക്കും ഹെക്ടറൊന്നിന് നാലായിരം രൂപ വീതം സബ്സിഡി നല്കുന്ന റബര്‍ ബോര്‍ഡ് സ്കീമിന് ആര്‍പിഎസുകള്‍ മുഖേന തുടക്കമായി. പരമാവധി രണ്ടു ഹെക്ടറിന് വരെ (എണ്ണായിരം രൂപ) സബ്സിഡി ലഭിക്കും.
ഒരു മരത്തിന് മഴമറ വയ്ക്കാന്‍ 35 രൂപ ചെലവു വരും. ഇത്തരത്തില്‍ ഒരു ഹെക്ടറിന് 13,500 രൂപ മുടക്കണം. ഇതില്‍ നാലായിരം രൂപ പിന്നീട് സബ്സിഡിയായി ലഭിക്കുമെന്നതാണ് കര്‍ഷകര്‍ക്ക് ആശ്വാസം. ഒക്ടോബര്‍ അവസാനം വരെ സബ്സിഡി സ്കീമില്‍ ആര്‍പിഎസുകള്‍ മുഖേന അപേക്ഷ നല്‍കാം.
കരം അടച്ച രതീസും കാര്‍ഷിക സാമഗ്രികള്‍ വാങ്ങിയ ബില്ലും സമര്‍പ്പിക്കണം. ഇതേ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകര്‍ക്കുള്ള സബ്സിഡി വിതരണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. പരമാവധി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമത്തിന്റെ ഭാഗമായാണ് ഇക്കൊല്ലവും സബ്സിഡി നല്‍കുന്നത്. സ്പ്രെയിംഗ് നടത്തിയാല്‍ ഇലകൊഴിച്ചില്‍ കുറഞ്ഞ് 20 ശതമാനം വരെ ഉത്പാദനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മഴമറ വച്ചാല്‍ മഴക്കാലത്തും ടാപ്പിംഗ് തുടരാം. ഇത്തരത്തില്‍ വാര്‍ഷിക ഉത്പാദനം 20 ശതമാനം ഉത്പാദനവര്‍ധനയാണ് കണക്കുകൂട്ടുന്നത്.
ചില ഉത്പാദകസംഘങ്ങള്‍ പ്ലാസ്റ്റിക്, പശ, ബെല്‍റ്റ് എന്നിവ വാങ്ങി കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ബില്ല് സംഘം ബോര്‍ഡിന് നല്കി അവര്‍ക്ക് പണം നല്കുന്ന രീതിയായിരുന്നു. സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഒരുമിച്ചു വാങ്ങി കര്‍ഷകര്‍ക്ക് നല്കുന്ന സംഘങ്ങളുണ്ട്. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ചില സംഘങ്ങള്‍ സ്പ്രെയിംഗ് നടത്തിക്കൊടുക്കുന്നു. മഴമറ വച്ചുകൊടുക്കുന്ന ആര്പിഎസുകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം 250 രൂപ വരെ ഉയര്‍ന്ന ഷീറ്റുവില പിന്നീട് 170 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞമാസം വീണ്ടും 200 രൂപ കടന്നെങ്കിലും അമേരിക്കയുടെ പകരച്ചുങ്കം വന്നതോടെ വില താഴ്ന്നു. നിലവില്‍ 199 രൂപയാണ് ആര്‍എസ്എസ് നാല് ഗ്രേഡിന് വില. വിദേശത്തും ഇതേ നിരക്കിലാണ് വില. അടുത്ത മാസത്തോടെ റബര്‍ വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടാകുമെന്നാണ് വിപണി സൂചന.