ഇളങ്ങുളം ഇടവകയിൽ ദേവാലയ ശുശ്രൂഷയിൽ 55 വർഷം പിന്നിട്ട അപ്പച്ചൻ ചേട്ടൻ വിരമിക്കുന്നു
1547638
Sunday, May 4, 2025 3:39 AM IST
ഇളങ്ങുളം: സെന്റ് മേരീസ് ഇടവകയിലെ ദേവാലയ ശുശ്രൂഷിയായി 55 വർഷം സേവനം ചെയ്തശേഷം ഇരുന്പുകുത്തിയിൽ അപ്പച്ചൻ ചേട്ടൻ എന്ന ജോസഫ് പൈലോ ഇന്ന് വിരമിക്കുന്നു.
15ാം വയസിലാണ് ദേവാലയ ശുശ്രൂഷിയുടെ സഹായിയായി ഇദ്ദേഹം സേവനം ആരംഭിക്കുന്നത്. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. തോമസ് ആയിത്തമറ്റവും ട്രസ്റ്റി പൊൻമലക്കുന്നേൽ കൊച്ചേട്ടനുംകൂടി ജോസഫ് പൈലോയുടെ മാതാപിതാക്കളെ സമീപിച്ച് മകനെ ദേവാലയ ശുശ്രൂഷിയായി പരിശീലനത്തിന് പള്ളിയിലേക്ക് അയയ്ക്കണമെന്ന് അറിയിച്ചു. ഇതനുസരിച്ച് 1970 മുതൽ അദ്ദേഹം ദേവാലയ ശുശ്രൂഷിയുടെ സഹായിയായും തുടർന്ന് ദേവാലയ ശുശ്രൂഷിയായും സേവനം ആരംഭിച്ചു.
ചങ്ങനാശേരി അതിരൂപതയിലെയും തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയിലെയുമായി 18 വികാരിമാരുടെകൂടെയും 48 അസിസ്റ്റന്റ് വികാരിമാരുടെകൂടെയും സേവനം ചെയ്തിട്ടുണ്ട്. എല്ലാദിവസവും രാവിലെ നാലിന് എഴുന്നേൽക്കുന്ന ഇദ്ദേഹം അഞ്ചോടെ പള്ളിയിൽ എത്തും. വൈകുന്നേരം സന്ധ്യാ പ്രാർഥനയ്ക്കുള്ള 6.45ന്റെ മണിമുഴക്കിയശേഷമാണ് വീട്ടിലേക്കുള്ള മടക്കം. ആദ്യ നാളുകളിൽ രാത്രി എട്ടിനുള്ള അത്താഴമണികൂടി മുഴക്കിയതിനുശേഷമാണ് വീട്ടിൽ പോയിരുന്നത്.
ദേവാലയ ചടങ്ങുകളെപ്പറ്റി ആഴത്തിലുള്ള അറിവുണ്ടായിരുന്ന അപ്പച്ചൻചേട്ടനെക്കുറിച്ച് വികാരി ഫാ. ഡാർവിൻ വാലുമണ്ണേലിനും അസിസ്റ്റന്റ് വികാരി ഫാ. ജോയിസ് തെക്കേവയലിനും മറ്റ് വൈദികർക്കും പറയാൻ നല്ലതുമാത്രം.
ഭാര്യ എൽസമ്മയും മക്കളായ സെമിൽ, ജോസ്കുട്ടി, സോണിയ എന്നിവരും നൽകിയ പിന്തുണയാണ് ഒഴിവുപറയാൻ പറ്റാത്ത ഈ ശുശ്രൂഷ പൂർണതയിൽ നിർവഹിക്കാൻ സാധിച്ചതിനു പിന്നിലെന്നും ഇദ്ദേഹം പറഞ്ഞു.