പാറേച്ചാല്‍ പൊക്കുപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ
1542911
Wednesday, April 16, 2025 2:21 AM IST
കോട്ടയം: ശക്തമായ കാറ്റില്‍ തകര്‍ന്ന കോട്ടയം-ആലപ്പുഴ ജലപാതയിലെ പാറേച്ചാല്‍ പൊക്കുപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. രണ്ടാഴ്ച മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകര്‍ന്നത്.
പാലത്തിനായി സ്ഥാപിച്ചിരുന്ന തെങ്ങിന്‍കുറ്റികളില്‍ ആറെണ്ണം മാറ്റി സ്ഥാപിച്ചു. നഗരസയുടെ എന്‍ജനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയായി. കൈവരി ഉള്‍പ്പെടെയുള്ളവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പൊക്കുപാലം തകര്‍ന്നതോടെ കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ജലഗതാഗതം തടസപ്പെട്ടിരുന്നു.
പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതിനാലായിരുന്നു ബോട്ട് സര്‍വീസ് തടസപ്പെട്ടത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ പോളവാരല്‍ യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങളും തകര്‍ന്ന തെങ്ങിന്‍കുറ്റികളും നീക്കം ചെയ്തു. പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. ആളുകള്‍ക്ക് അക്കരെ ഇക്കരെ കടക്കാനായിരുന്നു ബുദ്ധിമുട്ട്. വള്ളത്തില്‍ കയര്കെട്ടിയായിരുന്നു പ്രദേശവാസികളുടെ യാത്ര. സ്കൂള്‍ കുട്ടികളടക്കം നൂറിലധികം പേര് ദിവസവും കടന്നുപോകുന്ന പാലമാണിത്.
പുത്തന്‍ തോട്ടിന്റെ അക്കരെയിക്കരെയുള്ളവര്ക്ക് കടന്നുപോകുന്നതിനായി തീര്‍ത്തതാണ് പൊക്കുപാലം. ബോട്ടു കടന്നുവരുമ്പോള്‍ പൊക്കുപാലങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.