ബസ് ലോബിയുടെ കൂലിക്കൊള്ള: കർണാടകയിൽ പരീക്ഷയെഴുതാൻ പാക്കേജ് സർവീസുമായി നീണ്ടൂർ സ്വദേശി
1542906
Wednesday, April 16, 2025 2:21 AM IST
ഏറ്റുമാനൂർ: കർണാടകയിൽ പൊതു പ്രവേശന പരീക്ഷ എഴുതാൻ പോകാൻ യാത്രാ മാർഗമില്ലാതെ വിഷമിച്ച വിദ്യാർഥികളെ സ്വന്തം ബസിൽ എത്തിച്ച് നീണ്ടൂർ സ്വദേശി.
നാളെ മുതൽ 18 വരെ നടക്കുന്ന കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാൻ ബംഗളൂരുവിലും മംഗലാപുരത്തും പോകേണ്ട വിദ്യാർഥികൾക്ക് ട്രെയിൻ, ബസ് ടിക്കറ്റ് ലഭിക്കാൻ ഉണ്ടായിരുന്നില്ല. വിഷു, ഈസ്റ്റർ ഉത്സവ സീസണും അവധിക്കാലവുമായതുകൊണ്ടുള്ള തിരക്കിനിടയിലാണ് ഈ ദിവസങ്ങളിൽ പരീക്ഷകൂടി വരുന്നത്. തിരക്കേറിയതോടെ സ്വകാര്യ ബസ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. മൂവായിരം രൂപയും അതിനു മുകളിലുമായി ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഒരു വിദ്യാർഥി രക്ഷിതാവിനൊപ്പം പോയി വരുമ്പോൾ യാത്രാചെലവു മാത്രം 12,000 രൂപയെങ്കിലും മുടക്കേണ്ടിവരും.
ഈ സാഹചര്യം മനസിലാക്കിയാണ് നീണ്ടൂർ സ്വദേശിയും അമേരിക്കൻ ഈഗിൾസ് എന്ന ടൂറിസ്റ്റ് ബസ് കമ്പനി ഉടമയുമായ നിഥിൻ തോട്ടത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി രംഗത്തുവരുന്നത്. ടൂർ പാക്കേജ് എന്ന നിലയിൽ പെർമിറ്റ് എടുത്താണ് നിഥിൻ സർവീസ് നടത്തുന്നത്. ഇരുവശത്തേക്കുമുള്ള യാത്രക്കായി നിഥിൻ ഈടാക്കുന്നത് 3,000 രൂപ മാത്രമാണ്.
പരീക്ഷ എഴുതേണ്ട സാധാരണക്കാരായ വിദ്യാർഥികളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സർവീസ് നടത്താൻ തീരുമാനിച്ചതെന്ന് നിഥിൻ പറഞ്ഞു.നിഥിന്റെ നല്ല മനസ് പരക്കെ പ്രകീർത്തിക്കപ്പെടുകയാണ് ഇപ്പോൾ. കർണാടകയിലെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ ഉൾപ്പെടെ നിഥിന്റെ ബസ് സർവീസിന്റെ വാർത്തകൾ വന്നു കഴിഞ്ഞു.