ദേവാലയങ്ങളിൽ ഓശാനത്തിരുനാൾ ആചരിച്ചു
1542748
Monday, April 14, 2025 7:07 AM IST
കടുത്തുരുത്തി: പെസഹ ആചരണത്തിന് മുന്നോടിയായി യേശുക്രിസ്തു ജറുസലേമിലേക്കു നടത്തിയ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു ക്രൈസ്തവര്‍ ഓശാന തിരുനാള്‍ ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും തിരുക്കര്‍മങ്ങളും നടന്നു. രാവിലെ ദേവാലയങ്ങളില്‍ നടന്ന കുരുത്തോല വെഞ്ചരിപ്പ്, നേര്‍ച്ച വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, ജപമാല, ആരാധന, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്കായിരുന്നു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയുടെ പഴയപള്ളിയില്‍ രാവിലെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ്, പുതിയ പള്ളിയിലേക്കു കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നിങ്ങനെയാണ് തിരുക്കര്‍മങ്ങള്‍ നടന്നത്. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വലിയപള്ളിയില്‍ രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പോടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വെഞ്ചരിപ്പ്, ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥന എന്നിവ നടന്നു. വികാരി ഫാ.ജോണ്സണ് നീലനിരപ്പേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
മുട്ടുചിറ ഫൊറോന പള്ളിയില്‍ രാവിലെ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന എന്നിങ്ങനെയാണ് തിരുക്കര്‍മങ്ങള്‍ നടന്നത്. വികാരി ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ കാര്‍മികത്വം വഹിച്ചു.
മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ രാവിലെ ആറിന് ഓശാന തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ.ജോസ് വള്ളോംപുരയിടം കാര്‍മികത്വം വഹിച്ചു.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ 6.45 ന് ആരംഭിച്ചു. 10.30നുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് തമുക്ക് നേര്‍ച്ച വെഞ്ചരിപ്പും വിതരണവും നടന്നു. വികാരി ഫാ. ജയിംസ് വയലില്‍ നേര്‍ച്ച വെഞ്ചരിപ്പ് നിര്‍വഹിച്ചു.
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍ രാവിലെ ഏഴിനു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ കാര്‍മികത്വം വഹിച്ചു. അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ രാവിലെ ഏഴിന് ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. വികാരി ഫാ.അഗസ്റ്റിന് വരിക്കമാക്കല്‍ കാര്‍മികത്വം വഹിച്ചു.
തലയോലപ്പറന്പ്: വിശുദ്ധ വാരാചരണത്തിന് പ്രാർഥനാനിർഭരമായ തുടക്കം കുറിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. ഓശാന തിരുക്കർമങ്ങൾ സെന്റ് ജോർജ് സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. കുരുത്തോല വെഞ്ചരിച്ച് പ്രദക്ഷിണം പള്ളിയിലെത്തിയതിനെ തുടർന്ന് വിശുദ്ധ കുർബാന നടന്നു. വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ഫാ. ജോഷി വാസുപുരത്തുകാരൻ സന്ദേശം നൽകി.
ഇന്നും, നാളെയും കുമ്പസാരം ഉണ്ടായിരിക്കും. 17നു രാവിലെ 6.30ന് കാൽ കഴുകൽ ശുശ്രുഷ, വിശുദ്ധ കുർബാന പ്രസംഗം. ഏഴിന് അപ്പം മുറിക്കൽ ശുശ്രൂഷ. 18നു രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ. പ്രസംഗം സഹ വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ, വൈകുന്നേരം നാലിന് യൂണിറ്റുകളിൽ നിന്ന് കുരിശിന്റെ വഴി പള്ളിയിൽ എത്തും. തുടർന്ന് പരിഹാര പ്രദക്ഷിണം. 5.30ന് പീഡാനുഭവ സന്ദേശം: സിസ്റ്റർ ഷെറിൻ.
19നു രാവിലെ 6.30ന് വിശുദ്ധ കുർബാന. ഉയിർപ്പ് തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 10ന് പാരീഷ് ഹാളിൽ ആരംഭിക്കും.