സഭകൾ സഹോദരങ്ങളെപ്പോലെ ജീവിക്കണം: ശ്രേഷ്ഠ കാതോലിക്ക
1542734
Monday, April 14, 2025 6:51 AM IST
കോട്ടയം: ദൈവത്തിന്റെ സഭകൾ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികൾ തേടണമെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവാ.ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തർക്കങ്ങളും വ്യവഹാരത്തിന്റെ വഴികളും ഒഴിവാക്കണം. അതാണ് ക്രിസ്തുവിന്റെ മാർഗം. കഴിഞ്ഞ കാലങ്ങളിലെ മുറിവുകൾ ഉണങ്ങാൻ, അതിന്റെ ആഴങ്ങൾ എത്ര വലുതാണെങ്കിലും ഈ പീഡാനുഭവ വാരം കർത്താവിന്റെ ക്രൂശിന്റെ വഴി ധ്യാനിക്കുന്നതിലൂടെ സാധിക്കണമെന്നും കാതോലിക്ക ബാവ പറഞ്ഞു.
കത്തീഡ്രൽ സഹവികാരിമാരായ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശേരിയിൽ, ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ഡീക്കൻ ജിതിൻ മൈലക്കാട്ട് എന്നിവർ സന്നിഹിതർ ആയിരുന്നു.
മണർകാട് കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്കും ശ്രേഷ്ഠ ബാവാ മുഖ്യകാർമികത്വം വഹിക്കുമെന്ന് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയാ, സെക്രട്ടറി പി.എ. ചെറിയാൻ എന്നവർ അറിയിച്ചു.