ലൈംഗികാതിക്രമം കാട്ടി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
1542534
Sunday, April 13, 2025 11:17 PM IST
എരുമേലി: യുവതിയെ ലൈംഗികാതിക്രമം കാട്ടുകയും നഗ്നദൃശ്യങ്ങളും ചിത്രങ്ങളും വിവിധ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കട വടക്കേച്ചരുവിൽ അജിത്ത് മോഹനൻ (20) ആണ് പിടിയിലായത്. 2023 ജൂലൈ 14നും ഡിസംബർ 21നുമാണ് സംഭവം നടന്നത്. ഈ ദിവസങ്ങളിൽ 20 കാരിയായ സുഹൃത്തിനെ ബൈക്കിൽ കയറ്റി റാന്നി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിന്റെ പിന്നിലെത്തിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പിന്നീട് സൗഹൃദം സ്ഥാപിച്ച് വീഡിയോകോളിൽ വിളിച്ച് നഗ്നതകാട്ടാൻ പ്രേരിപ്പിക്കുകയും, തുടർന്ന് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ വിവിധ സൈറ്റുകളിൽ അവ അപ്ലോഡ് ചെയ്യുകയും ചെയ്തു. കൂടാതെ കൂട്ടുകാർക്കും മറ്റും അയച്ചുകൊടുത്തതിലൂടെ യുവതിക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സ്റ്റേഷനിൽ ഹാജരായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി, പിന്നീട് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. റാന്നി പോലീസ് ഇൻസ്പെക്ടർ ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ റെജി തോമസ്, എഎസ്ഐ അജു കെ. അലി എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.