പി.ടി. ഏബ്രഹാം ജന്മശതാബ്ദി 20ന്
1542880
Wednesday, April 16, 2025 2:11 AM IST
കോട്ടയം: വാഴൂരിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന കടവുംഭാഗം പി.ടി. ഏബ്രഹാമിന്റെ (ജോയി) ജന്മശതാബ്ദി 20ന് സംഘടിപ്പിക്കും. വൈകുന്നേരം നാലിനു മണര്‍കാട് ഗ്രാമറ്റം അമ്മവീട് സെന്റ് മേരീസ് റിട്രീറ്റ് ഹോമില്‍ നടക്കുന്ന ജന്മശതാബ്ദി അനുസ്മരണ സമ്മേളനം ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ സഹവികാരി ഫാ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. കുര്യന് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും.
കേരള കോണ്‍ഗ്രസ് രൂപീകരണം മുതല്‍ നേതാവും ഏഴ് വര്‍ഷം കങ്ങഴ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവുംഭാഗം പി.ടി. ഏബ്രഹാം 11 വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ട് പതിറ്റാണ്ടിലേറെ പഞ്ചായത്തംഗവുമായിരുന്നു. വാഴൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡന്റ്, വാഴൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ്, കറുകച്ചാല്‍ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കങ്ങഴ എംജിഡിഎം ആശുപത്രി അഡ്വൈസറി ബോര്‍ഡ് അംഗം, യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.