ഓശാന... ഓശാന... ദാവീദിന്‍സുതനോശാന...
1542539
Sunday, April 13, 2025 11:46 PM IST
കോട്ടയം: കൂപ്പുകരങ്ങള്ക്കു നടുവില്‍ കുരുന്നോലകളേന്തി ദാവീതിന്സുദന് ജയ്ഗാനമാലപിച്ച് ദേവാലയത്തിലേക്ക് വിശ്വാസികള്‍ പ്രദക്ഷിണമായി എത്തി ഓശാനത്തിരുനാള്‍ ആഘോഷപൂര്‍വം കൊണ്ടാടി.
ജറുസലേം ദേവാലയത്തോടു ചേര്‍ന്നുള്ള ഒലിവുമലയുടെ ഓരത്തുനിന്നു രണ്ടായിരം വര്‍ഷം മുന്‍പു യേശുവിനെ ജനാവലി ജറുസലേം ദേവാലയത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ചു ക്രൈസ്തവര്‍ കുരുന്നോലകളും സൈത്തിന് കൊമ്പുകളുമേന്തി ദേവാലയത്തിന്റെ പ്രധാനവാതില്‍ മുട്ടിത്തുറന്ന് ഓശാനഗീതികളോടെ പ്രദക്ഷിണമായെത്തി. ഒലിവുചില്ലകള്ക്കു പകരം ആശിര്‍വദിക്കപ്പെട്ട തെങ്ങിന് കുരുത്തോല കൈയിലേന്തുന്നതോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും ഓശാനത്തിരുക്കര്മങ്ങളില് കാര്‍മികരായി.
യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലും വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കുരുത്തോല വാഴ്വിനും വിശുദ്ധ കുര്‍ബാനയ്ക്കും കാര്‍മികത്വം വഹിച്ചു. യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും കാര്‍മികത്വം വഹിച്ചു.