പാലാ അല്ഫോന്സയിൽ അഡ്മിഷന് ഹെല്‍പ്പ് ഡെസ്ക്
1542810
Tuesday, April 15, 2025 11:54 PM IST
പാലാ: വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വിദ്യാഭ്യാസ കരിയര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് സഹായിക്കുന്നതിനുമായി അഡ്മിഷന് ഹെല്‍പ്പ് ഡെസ്ക് പാലാ അല്‍ഫോന്‍സാ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവിടെ ലഭ്യമാക്കും.
കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്കും കഴിവുകള്‍ക്കും അനുസരിച്ച് അനുയോജ്യമായ കരിയര്‍ പാതകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിദഗ്ധ കരിയര്‍ കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നു. പ്രഫഷണല്‍ കരിയര്‍ ഗുരുക്കന്മാര് വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്സുകളെപ്പറ്റിയും അവയുടെ ഭാവി സാധ്യതകളെപ്പറ്റിയും വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതിയ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും.
വിദേശ സര്‍വകലാശാലകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് പ്രവേശനം, സ്കോളര്‍ഷിപ്പുകള്‍, വിസ നടപടിക്രമങ്ങള്‍, ജീവിതച്ചെലവ് തുടങ്ങിയവയെക്കുറിച്ച് വിദഗ്ധര്‍ വിശദമായി വിവരിച്ചു നല്‍കും. എംജി സര്‍വകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനും പ്രവേശന നടപടിക്രമങ്ങള്‍ക്കുമുള്ള സഹായവും ഈ ഹെല്‍പ്പ് ഡെസ്കിലൂടെ ലഭ്യമാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം ലഭിക്കുന്നതോടൊപ്പം നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഘടന, ഗുണങ്ങള്‍, കരിയര്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചും അറിവുകള്‍ ലഭിക്കും.
ഈ കേന്ദ്രത്തില്‍ വിദേശ വിദ്യാഭ്യാസ വിദഗ്ധര്‍, എംജി സര്‍വകലാശാല പ്രതിനിധികള്‍, അല്‍ഫോന്‍സ കോളജിലെ അധ്യാപകര്‍ എന്നിവരുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. ഫോണ്‍ വഴിയും നേരിട്ടും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഉന്നത വിദ്യാഭ്യാസ അവസരങ്ങളും കരിയര്‍ പാതകളും കണ്ടെത്താന്‍ സഹായിക്കുന്ന ഈ ഹെല്‍പ്പ് ഡെസ്ക് വിദ്യാര്‍ത്ഥികളുടെ ഭാവി വികസനത്തിന് വഴികാട്ടിയാകുമെന്ന് കോളജ് പ്രിന്‍സിപ്പൽ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല് പറഞ്ഞു.
ഫോണ്‍ 9946141006, 9446049331, 8281716557, 9400273445.