ആശാ പ്രവർത്തകയ്ക്ക് 12,000 രൂപ ഇൻസന്റീവ് നൽകി പഞ്ചായത്തംഗം
1542746
Monday, April 14, 2025 7:07 AM IST
വൈക്കം: വിഷുവിനും ആശമാരുടെ സമരം സെക്രട്ടേറിയറ്റിൽ തുടരുമ്പോൾ തലയാഴത്ത് പഞ്ചായത്തംഗം ഒരു വർഷത്തെ ഇൻസന്റീവായി 12,000 രൂപ വാർഡിലെ ആശാ വർക്കർക്ക് വിഷുക്കൈനീട്ടമായി നൽകി.തലയാഴം പഞ്ചായത്ത് 10 -ാം വാർഡിലെ ബിജെപി മെംബർ പ്രീജു കെ. ശശിയാണ് വാർഡിലെ ആശാ പ്രവർത്തക മഹിളാമണിക്ക് 12,000 രൂപ ഇൻസന്റീവ് കൈ നീട്ടമായി നൽകിയത്.
കോവിഡ് കാലത്തടക്കം വാർഡിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളിൽ മഹിളാമണി പ്രതിബദ്ധതയോടെ പ്രവർത്തിച്ചത് മുൻനിർത്തിയാണ് മാസം ആയിരം രൂപ എന്ന നിരക്കിൽ ഒരു വർഷത്തെ ഇൻസന്റീവ് പ്രിജു ഒരുമിച്ച് നൽകിയത്.
സർക്കാർ പിഎസ്സി അംഗങ്ങൾക്കടക്കം ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയിട്ടും നേരിയ വർധനയെങ്കിലും വരുത്തി ആശമാരുടെ സമരം വിഷുവിന് മുമ്പ് തീർക്കാതിരുന്നതിലെ തന്റെ പ്രതിഷേധമാണ് ഈ വിധത്തിൽ പ്രകടിപ്പിച്ചതെന്നു പ്രീജു കെ. ശശി പറഞ്ഞു.
മഹിളാമണിക്കു പുറമെ തന്റെ വാർഡിലെ എഡിഎസ്, സിഡിഎസ്, മേറ്റുമാർ, വയോജനങ്ങൾഎന്നിവരുൾപ്പെട്ട 236 തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രീജു വിഷുക്കൈനീട്ടം നൽകി.