കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
1542766
Tuesday, April 15, 2025 10:42 PM IST
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിലെ ഒന്പത്,10 വാർഡുകളിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ15 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ഒമ്പതാം വാർഡിൽ കഴിഞ്ഞദിവസം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രത നിർദേശം നൽകുകയും വാർഡിൽ ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്താം വാർഡിൽ മൂന്നു പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
സ്വകാര്യ കുടിവെള്ള വിതരണക്കാരിൽ നിന്നുമാണ് മേഖലയിൽ മഞ്ഞപ്പിത്തം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 504ലെ സ്വകാര്യ വ്യക്തിയുടെ കടയിൽനിന്നു ഭക്ഷണം കഴിച്ച നാലുപേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെതുടർന്ന് ആരോഗ്യ വകുപ്പ് കട അടപ്പിച്ചു. ഇവിടെ അനധികൃത മദ്യ വിൽപ്പന നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു.
സൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കുടിവെള്ള വിതരണക്കാർക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. മേഖലയിൽ ജനങ്ങൾക്കു ബോധവത്കരണം നൽകാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജെഎച്ച്ഐ അനീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ബൈജു, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോരുത്തോട് പഞ്ചായത്തിൽ മഞ്ഞപ്പിത്തത്തിന്റെ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും എല്ലാവരും തിളപ്പിച്ചാറിച്ച വെള്ളമേ ഉപയോഗിക്കാവൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുഞ്ചവയൽ ടൗണിലും ഒന്പതു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.