വേനല്‍മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞു :വിളവെടുക്കാനാവാതെ 47 ഏക്കറിലെ നെല്‍കൃഷി
1542744
Monday, April 14, 2025 7:07 AM IST
കടുത്തുരുത്തി: വേനല്‍മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞു. 47 ഏക്കറിലെ നെല്‍കൃഷി വിളവെടുക്കാനാവാതെ നാശാവസ്ഥയില്‍. മാഞ്ഞൂര്‍ പഞ്ചായത്തിലെ ആനിത്താനം-പെരുങ്കരി പാടശേഖരത്തെ നെല്‍കൃഷിയുടെ വിളവെടുപ്പാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പാടത്ത് വെള്ളം കിടക്കുന്നതിനാല്‍ കൊയ്ത്തു യന്ത്രം ഇറക്കാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. വേനല്‍മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് ഞാറക്കല്‍ തോട്ടില്‍നിന്നാണ് വെള്ളം പാടത്തേക്കു കയറിയത്. പുറംബണ്ടില്ലാത്തതാണ് വെള്ളം കയറാന്‍ കാരണമെന്ന് കര്‍ഷകനായ അനില്‍ പറയുന്നു.
മോട്ടോര്‍ ഉണ്ടെങ്കിലും പാടത്തെയും സമീപമുള്ളതുമായ ചാലുകളൊന്നും കൃത്യമായി തെളിക്കാത്തതുമൂലം വെള്ളം പൂര്‍ണമായും വറ്റിക്കാനാവാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ളം കയറ്റാനും ഇറക്കാനും നിര്‍മിച്ച പാടത്തെ ചീപ്പ് (തടയണ) തകര്‍ന്ന് കിടക്കുകയാണ്. രണ്ടു വര്‍ഷമായി ഇവിടത്തെ കൃഷി വേനല്‍മഴയെത്തുടര്‍ന്ന് കൊയ്ത്ത് നടത്താനാവാതെ കര്‍ഷകര്‍ ഉപേക്ഷിക്കുകയായിരുന്നെന്നും അനില്‍ പറഞ്ഞു.
52 കര്ഷകരാണിവിടെയുള്ളത്. നവംബര്‍ ആദ്യം വിതച്ച നെല്ല് 25 ദിവസം വളര്‍ച്ചയെത്തിയപ്പോള്‍ മഴയെത്തുടര്‍ന്നു വെള്ളം കയറി നശിച്ചുപോയിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ കിലോയ്ക്ക് 47 രൂപ നിരക്കില്‍ വിത്ത് വില കൊടുത്തു വാങ്ങിയാണ് വീണ്ടും വിതച്ചത്.
രണ്ടാമത് ചെയ്ത കൃഷിയാണ് ഇപ്പോള്‍ വിളവെടുക്കാറായ സമയത്ത് വെള്ളം കയറി നാശാവസ്ഥയിലായിരിക്കുന്നത്. ഇത്തവണയും കൃഷി നശിച്ചാല്‍ വരുംകാലങ്ങളില്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകരെന്നു പാടശേഖര സമിതി സെക്രട്ടറി ജോസഫും പ്രസിഡന്റ് ഏബ്രഹാമും പറഞ്ഞു.
വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഒരേക്കറില്‍നിന്ന് 25 ക്വിന്റല്‍ നെല്ല് ലഭിക്കുന്ന നിലയില്‍ മികച്ച വിളവ് കിട്ടേണ്ട പാടശേഖരമാണ് കൊയ്ത്ത് നടത്താനാകാതെ കിടക്കുന്നതെന്നും പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു.