ഓശാനത്തിരുനാൾ ആചരണത്തോടെ വിശുദ്ധവാരത്തിനു തുടക്കം
1542749
Monday, April 14, 2025 7:07 AM IST
ചങ്ങനാശേരി: ഓശാനത്തിരുനാള്‍ ആചരണത്തോടെ ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്കു പ്രവേശിച്ചു. ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പും വിശുദ്ധവാരത്തില്‍ അനുസ്മരിക്കും. കഴുതപ്പുറത്ത് എഴുന്നള്ളിയ ഈശോയ്ക്ക് ജറൂസലേം ജനത ഓശാന പാടിയതിന്റെ ഓര്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പും കുരുത്തോല പ്രദക്ഷിണവും വിശുദ്ധകുര്‍ബാനയും നടന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ ഓശാനശുശ്രൂഷകള് രാവിലെ 6.15ന് പാരീഷ്ഹാളില്‍ ആരംഭിച്ചു. കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ഷെറിന് കുറശേരി, ഫാ. സിറിള്‍ കളരിക്കല്‍, ഫാ. റോബിന് പുതുപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
ചങ്ങനാശേരി പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധകുര്‍ബാന. എന്നീ ശുശ്രൂഷകളോടെ ഓശാനത്തിരുനാള്‍ ആചരിച്ചു. വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ടെജി പുതുവീട്ടിക്കളം, ഫാ. ജിജോ മാറാട്ടുകളം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ ഓശാനത്തിരുക്കര്മങ്ങള് സെന്റ് പീറ്റേഴ്സ് സ്കൂളില്‍ ആരംഭിച്ചു. കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ എന്നിവര്‍ കാര്‍മികരായിരുന്നു.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി കാര്‍മികത്വം വഹിച്ചു. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ ഓശാനത്തിരുക്കർമങ്ങൾക്കു വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് കാര്‍മികത്വം വഹിച്ചു.
കുറുമ്പനാടം അസംപ്ഷന്‍ പള്ളിയില്‍ ഓശാനത്തിരുക്കര്മങ്ങള്ക്കും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ജോസഫ് പാറത്താനം എന്നിവര്‍ കാര്‍മ്മികരായിരുന്നു.
ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന ശുശ്രൂഷകള്‍ക്ക് വികാരി ഫാ. തോമസ് കല്ലുകളം,ഫാ. ജിന്നു താഴത്ത് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്കും വിശുദ്ധകുര്‍ബാനയ്ക്കും വികാരി റവ.ഡോ. തോമസ് പാറത്തറ കാര്‍മികത്വം വഹിച്ചു.
മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധ കുര്‍ബാനയ്ക്കും വികാരി ഫാ. മാത്യു ചെത്തിപ്പുഴ, ഫാ. ജോണ്‍ തത്തക്കാട്ടുപുളിക്കല് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ഓശാനത്തിരുക്കര്മങ്ങള്ക്കും വിശുദ്ധകുര്‍ബാനയ്ക്കും വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. നിധിന് അമ്പലത്തുങ്കല്‍ എന്നിവര്‍ കാര്‍മികരായിരുന്നു.
തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ കുരുത്തോല വെഞ്ചരിപ്പിനും വിശുദ്ധകുര്‍ബാന യ്ക്കും വികാരി ഫാ. ജോസ് വരിക്കപ്പള്ളി കാര്‍മികത്വം വഹിച്ചു.
സഭയെ ഭിന്നിപ്പിക്കാൻ ആര്‍ക്കും കഴിയില്ല: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: പൗരാവകാശങ്ങള്‍ മാനിച്ചും പൊതുനന്മ ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭയെ സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ ആര്‍ക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും ക്രൈസ്തവര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഓശാനത്തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
സമൂഹം എക്കാലവും അവഗണിക്കുന്ന കഴുതക്കുട്ടിയുടെ പുറത്താണ് കര്‍ത്താവ് തന്റെ രക്ഷാകരദൗത്യം പൂര്‍ത്തീകരിക്കാന്‍ വിനയാന്വിതനായി ജറുസലേമിലേക്കു കടന്നുവന്നത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും മഹനീയ മാതൃകയാണ് അവിടുന്ന് വെളിവാക്കിയത്.
എളിമ, സഹനം, വിനയം, ലാളിത്യം, ത്യാഗം, അഹിംസ എന്നിവയാണ് ദൈവരാജ്യത്തിന്റെ മുഖമുദ്രയെന്ന് ഈശോ തന്റെ രാജകീയ പ്രവേശനത്തിലൂടെ വ്യക്തമാക്കുന്നുവെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.