സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കൽ; പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കുന്നില്ല
1542807
Tuesday, April 15, 2025 11:54 PM IST
പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെപ്റ്റിക് ടാങ്ക് തകരാർ മൂലം ദിവസങ്ങളായി തുറക്കുന്നില്ല. കഴിഞ്ഞയാഴ്ച സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾക്കിടയിലൂടെയും മാൻഹോളിലൂടെയും മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകിപ്പരന്നിരുന്നു. അടുത്തിടെ നന്നാക്കിയ ടാങ്കാണിത്.
പൊൻകുന്നത്തെത്തുന്ന നൂറു കണക്കിന് യാത്രക്കാരും പൊതുജനങ്ങളും കംഫർട്ട് സ്റ്റേഷൻ അടച്ചതോടെ ദുരിതത്തിലായിരിക്കുകയാണ്. പൊൻകുന്നത്ത് മറ്റൊരിടത്തും പൊതുശൗചാലയമില്ല. സ്ത്രീകളും കുട്ടികളും പ്രായമായ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനാലാണ് ശൗചാലയം അടച്ചിട്ടിരിക്കുന്നതെന്നും അടിയന്തരമായി പുതിയ ടാങ്ക് സ്ഥാപിച്ച് ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ പറഞ്ഞു.