പാലാ ളാലം പഴയ പള്ളി നേതൃത്വം നല്കുന്ന ടൗണ്‍ കുരിശിന്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും
1542809
Tuesday, April 15, 2025 11:54 PM IST
പാലാ:പുണ്യശ്ലോകനായ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്കുന്ന നഗരം ചുറ്റിയുള്ള 67ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. വികാരി ഫാ. ജോസഫ് തടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നക്കാട്ട് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30 നു വൈദികരുടെ നേതൃത്വത്തില്‍ അര്‍ണോസ് പാതിരി രചിച്ച വിഖ്യാതമായ പുത്തന്‍പാനയുടെ 12-ാം പാദ വായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്.
പട്ടണം പൂര്‍ണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളില്‍ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നത്. ളാലം പഴയ പള്ളിയില്‍ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തന്‍പള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംക്ഷന് വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും. കുരിശിന്റെ വഴിയുടെ പ്രധാന അഞ്ച് സ്ഥലങ്ങളിലാണ് സന്ദേശങ്ങള്‍ നല്‍കുക. ദുഃഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയില്‍ പുഷ്പാലംകൃതമായ വാഹനത്തില്‍ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തില്‍ നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും.
പെസഹാ വ്യാഴാഴ്ച രാവിലെ ആറിന് ആരാധന, ജപമാല തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. തിരുക്കര്‍മങ്ങള്‍ക്കും കുരിശിന്റെ വഴിക്കും വികാരി ഫാ.ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ.ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ.ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ടോം ഞാവള്ളി തെക്കേല്‍ പ്രഫ .തങ്കച്ചന് മാത്യു, മാണി കുന്നംകോട്ട്, ബേബിച്ചന് ചക്കാലക്കല്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കും.
പത്രസമ്മേളനത്തില്‍ വികാരി. ഫാ ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ.ജോസഫ് ആലഞ്ചേരില്‍, കൈക്കാരന്മാരായ മാണി കുന്നംകോട്ട്, ബേബിച്ചന് ചക്കാലയ്ക്കല്‍, കണ്‍വീനര്‍മാരായ രാജേഷ് പറയില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.