ലഹരി: നാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജി. സുകുമാരന്‍ നായര്‍
1542542
Sunday, April 13, 2025 11:46 PM IST
ചങ്ങനാശേരി: ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതിന് ഗവണ്മെന്റുകളുടെ ഭാഗത്തുനിന്നു കര്‍ശനനടപടി ഉണ്ടാകണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ലഹരിയുടെ ഉപയോഗംകൊണ്ട് ശാരീരികവും മാനസികവുമായി വ്യക്തികളില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് അതത് സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകരുമായി സഹകരിച്ച് ഷാഡോ പോലീസിംഗിലൂടെ കുട്ടികള്‍ക്കിടയിലുള്ള ലഹരി വിതരണം, ഉപഭോഗം എന്നിവ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം.
ചെക്ക് പോസ്റ്റുകളിലെ വാഹനപരിശോധന ശക്തിപ്പെടുത്തുന്നതിനൊപ്പം അയല്‍ സംസ്ഥാനങ്ങളിലെയും നമ്മുടെ സംസ്ഥാനത്തിനകത്തെയും ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന കര്‍ശനമാക്കണം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ കുട്ടികളിലെയും യുവതലമുറയിലെയും ലഹരി ഉപയോഗവും വ്യാപനവും ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നുകടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള വ്യവസ്ഥകള്‍ നര്‍കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് ആക്ട് ഭേദഗതിയിലൂടെ ശക്തിപ്പെടുത്തുകയും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് മരണശിക്ഷവരെ നല്‍കാനുള്ള വിവേചനാധികാരം കോടതികള്‍ക്ക് നൽകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.