സഭയെ ഭിന്നിപ്പിക്കാൻ ആര്‍ക്കും കഴിയില്ല: മാര്‍ തോമസ് തറയില്‍
1542735
Monday, April 14, 2025 6:51 AM IST
ചങ്ങനാശേരി: പൗരവകാശങ്ങള്‍ മാനിച്ചും പൊതുനന്മ ലക്ഷ്യം വച്ചും പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭയെ സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ ആര്‍ക്കും ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്നും ക്രൈസ്തവര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്നും മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
സമൂഹം എക്കാലവും അവഗണിക്കുന്ന കഴുതക്കുട്ടിയുടെ പുറത്താണ് കര്‍ത്താവ് തന്റെ രക്ഷാകരദൗത്യം പൂര്‍ത്തികരിക്കാന്‍ വിനയാന്വിതനായി ജറുസലേമിലേക്കു കടന്നുവന്നത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും മഹനീയ മാതൃകയാണ് അവിടുന്ന് വെളിവാക്കിയത്. എളിമ, സഹനം, വിനയം, ലാളിത്യം, ത്യാഗം, അഹിംസ എന്നിവയാണ് ദൈവരാജ്യത്തിന്റെ മുഖമുദ്രയെന്ന് ഈശോ തന്റെ രാജകീയ പ്രവേശനത്തിലൂടെ വ്യക്തമാക്കുന്നുവെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.