വിഷുക്കൈനീട്ടമായി സഹോദരങ്ങളുടെ മാമ്പഴ വിതരണം
1542745
Monday, April 14, 2025 7:07 AM IST
കടുത്തുരുത്തി: വിഷുക്കൈനീട്ടമായി കുരുന്നുകളായ സഹോദരങ്ങളുടെ മാമ്പഴ വിതരണം. വിഷുവിന് വീട്ടില്‍ കണി വയ്ക്കാനായി പിതാവ് സന്തോഷ് മാമ്പഴം പറിക്കുന്നത് കണ്ടപ്പോഴാണ് ആയാംകുടി സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനിയായ മകള്‍ ജ്യോതികയ്ക്ക് ഇത്തരമൊരു ചിന്തയുണ്ടാകുന്നത്.
തലയോലപ്പറമ്പ് കുറുന്തറ കണ്ടത്തില്‍ സന്തോഷിന്റെ മകളാണ് നാലാം ക്ലാസുകാരി ജ്യോതിക. പറിച്ചെടുക്കാത്തതിനാല്‍ മാമ്പഴമെല്ലാം വെറുതേ വീണ് പോവുകയാണല്ലോ. വിഷുവല്ലേ, ഇതു പറിച്ചെടുത്ത് എല്ലാവര്ക്കും സൗജന്യമായി നല്കിയാല് അവര്‍ കണിയൊരുക്കുമ്പോള്‍ മാമ്പഴം കൊടുത്ത നമ്മളെയും ഓര്‍ക്കുമല്ലോ. ഇതായിരുന്നു ഈ കുരുന്നിന്റെ മനസിലെ ചിന്ത.
മകളുടെ ആഗ്രഹത്തിന് സന്തോഷും ഭാര്യ റാണിയും പിന്തുണ നല്കി. തുടര്‍ന്ന് പറ്റാവുന്നിടത്തോളം മാമ്പഴം മക്കള്‍ക്കായി ഇരുവരും ചേര്‍ന്ന് പറിച്ചെടുത്തു. യുകെജി വിദ്യാര്‍ഥിനിയായ സഹോദരി സാന്വികയുമായി ചേര്‍ന്ന് ജ്യോതിക ബക്കറ്റില്‍ മാമ്പഴവും കൂട്ടിവച്ചു ഫ്രീ മാംഗോ എന്ന ബോര്‍ഡും വച്ച് പരിസരത്തുള്ള വീടുകളിലും റോഡിലൂടെ നടന്നും കാണുന്നവര്‍ക്കെല്ലാം മാമ്പഴം വിതരണം ചെയ്തു.
75 കിലോയോളം വരുന്ന അല്‍ഫോന്‍സ് ഇനത്തില്‍പ്പെട്ട മാമ്പഴമാണ് കുട്ടികള്‍ വിതരണം ചെയ്തത്. ആയാംകുടി സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍തന്നെയാണ് സാന്‍വികയും പഠിക്കുന്നത്.