വിശുദ്ധ വാരാചരണം
1542802
Tuesday, April 15, 2025 11:54 PM IST
കുടമാളൂര്‍ പള്ളിയില്‍ നീന്തുനേര്‍ച്ച
കുടമാളൂര്‍: നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറി 900 വര്‍ഷ മഹാജൂബിലി സമാപനത്തിലേക്ക് കടക്കുന്ന കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ പീഡാനുഭവ വാരത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നീന്തുനേര്‍ച്ച പെസഹാ വ്യാഴം രാവിലെ ആരംഭിക്കും. 900 വര്‍ഷങ്ങള്‍ക്കു മുമ്പ് പള്ളി സ്ഥാപിക്കുന്നതിനായി ആരംഭം കുറിച്ച ചെമ്പകശേരി രാജകുടുംബം തുടങ്ങിവച്ചതാണ് നീന്തുനേര്‍ച്ച. പെസഹാ വ്യാഴം രാവിലെ തുടങ്ങുന്ന നീന്തുനേര്‍ച്ച ദുഃഖവെള്ളി രാത്രിവരെ നീളും.
പെസഹാ വ്യാഴാഴ്ചത്തെ മറ്റൊരു നേര്‍ച്ചയാണ് തമുക്ക് നേര്‍ച്ച. കുമാരനല്ലൂര്‍ സ്വദേശികളായ പൂര്‍വികരായ ഇടവകാംഗങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുക്തിയമ്മവഴി ലഭിച്ച അനുഗ്രഹത്തിന് നന്ദി സൂചകമായി ആരംഭിച്ചതാണ് തമുക്ക് നേര്‍ച്ച. പാളയും കയറും നേര്‍ച്ച, മുള്‍മുടി ആണി നേര്‍ച്ച, നേര്‍ച്ചക്കഞ്ഞി എന്നിവയും ദുഃഖവെള്ളി ദിനത്തില്‍ ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയും നഗരികാണിക്കലും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പീഡാനുഭവ പ്രദര്‍ശന ധ്യാനവുമുണ്ട്.
വാഗമണ്‍ കുരിശുമല കയറ്റം
വാഗമണ്‍: പുരാതനവും പ്രകൃതിരമണീയവുമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശുമലയിലേക്ക് കുരിശിന്റെ വഴിയുണ്ടായിരുന്നു. പെസഹാവ്യാഴം രാത്രിമുതല്‍ കുരിശുമലയിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും ആയിരക്കണക്കിനു തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. ദുഃഖവെള്ളിയിലെ തിരുക്കര്‍മങ്ങള്‍ മലയടിവാരത്തിലുള്ള ദേവാലയത്തില്‍ രാവിലെ 7.30ന് ആരംഭിക്കും.
തുടര്‍ന്ന് ഒമ്പതിന് മലമുകളിലേക്ക് കുരിശിന്റെ വഴി. ഫാ. തോമസ് മണ്ണൂര്‍ പീഡാനുഭവ സന്ദേശം നല്‍കും. രാവിലെ ആറു മുതല്‍ മലമുകളില്‍ നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. രാത്രി കുരിശുമല കയറുന്നതിനുള്ള ലൈറ്റ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളില്‍നിന്നും കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് രാവിലെമുതല്‍ ഉണ്ടായിരിക്കും. ദുഃഖവെള്ളി രാവിലെ ആറു മുതല്‍ ബസുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ വാഗമണ്‍ - കുരിശുമല റോഡില്‍ കടത്തി വിടുന്നതല്ല. ബസുകളില്‍ എത്തുന്ന തീര്‍ഥാടകര്‍ വഴിക്കടവില്‍നിന്ന് കാല്‍നടയായോ ചെറുവണ്ടികളിലോ കുരിശുമലയിലേക്ക് എത്തിച്ചേരണം. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വാഗമണ്‍ പള്ളി വികാരി ഫാ.ആന്റണി വാഴയില്‍ അറിയിച്ചു.
അരുവിത്തുറ വല്യച്ചന്മല
അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ കീഴിലുള്ള വല്യച്ചന്‍മലയില്‍ നോമ്പിന്റെ എല്ലാ ദിവസവും കുരിശിന്റെ വഴിയുണ്ട്. ദുഃഖവെള്ളി രാവിലെ ഒമ്പതിന് മലയടിവാരത്തുനിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പ്രാര്‍ഥനാപൂര്‍വം അണിചേരും. മലമുകളില്‍ ഫാ. ജോണ്‍ കണ്ണന്താനം പീഡാനുഭവ സന്ദേശം നല്‍കും. രാവിലെ മുതല്‍ വല്യച്ചന്‍മലയില്‍ നേര്‍ച്ചക്കഞ്ഞി വിതരണവുമുണ്ടായിരിക്കും.