പെൺമക്കളുമായി അമ്മയുടെ ആത്മഹത്യ വീണ്ടും; നടുക്കം മാറാതെ നാട്
1542803
Tuesday, April 15, 2025 11:54 PM IST
ഏറ്റുമാനൂർ: ഒന്നര മാസത്തിനിടെ ഏറ്റുമാനൂരിന് സമീപ പ്രദേശത്ത് രണ്ടാമത്തെ സംഭവം. പെൺമക്കളുമായി അമ്മയുടെ ആത്മഹത്യ വീണ്ടും. ദുരന്തവാർത്തയുടെ നടുക്കത്തിലാണ് നാട്.
കണ്ണമ്പുരയിൽ അഞ്ചും രണ്ടും വയസുള്ള പെൺമക്കളുമായി യുവ അഭിഭാഷക ആറ്റിൽ ചാടി മരിച്ചു എന്ന വാർത്ത കേട്ട നാട്ടുകാരുടെ മനസിലേക്ക് ഒന്നര മാസം മുമ്പ് പാറോലിക്കലിൽ നടന്ന സമാനമായ ദുരന്തമാണ് ഓടിയെത്തിയത്. അന്ന് സ്കൂൾ വിദ്യാർഥികളായ പെൺമക്കളെ ചേർത്തു പിടിച്ച് ട്രെയിനിനു മുന്നിലേക്ക് വീട്ടമ്മ ചാടുകയായിരുന്നു.
കുടുംബ പ്രശ്നങ്ങൾമൂലം ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിൽ വന്നുനിന്ന പാറോലിക്കൽ വടകര വീട്ടിൽ ഷൈനി ജോലി കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ഭർത്താവിന്റെ മാനസിക പീഡനം തുടരുകയും ചെയ്തതോടെയാണ് മക്കളുമായി ട്രെയിനിനു മുന്നിൽ ചാടി ജീവിതം അവസാനിപ്പിച്ചത്.
ഇന്നലെ കണ്ണമ്പുരയിൽ ആറ്റിൽ ചാടാൻ എത്തും മുമ്പ് ജിസ്മോൾ കൈ ഞരമ്പ് മുറിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ ഹാർപിക് കുടിപ്പിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായ ജിസ്മോൾക്കോ കുടുംബത്തിനോ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. പിന്നെ കുട്ടികളെയുംകൂടി മരണത്തിനു വിട്ടുനൽകി ജീവിതം അവസാനിപ്പിക്കാൻ ജിസ്മോളെ പ്രേരിപ്പിച്ചതെന്തെന്ന് നാട്ടുകാർക്കുമറിയില്ല.
കാരണം എന്തുതന്നെയായാലും മക്കളെക്കൂടി മരണത്തിന് വിട്ടുകൊടുത്ത് ജീവിതം അവസാനിപ്പിക്കുന്ന അമ്മമാരുടെ എണ്ണം കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു.
മണിമലയാറ്റിൽ ചാടിയ യുവതി മരിച്ചു
മണിമല: മണിമല വലിയപാലത്തിൽനിന്നു മണിമലയാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. റാന്നി അത്തിക്കയം കണ്ണമ്പള്ളി വല്യപറമ്പിൽ അമ്പിളി നാരായണൻ (38) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ാടെയാണ് സംഭവം. പാലത്തിൽനിന്ന് ആറ്റിലേക്കു യുവതി ചാടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചിരുന്നു.
തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്. ഭർത്താവ്: ശ്യാം ലാൽ, എട്ട് മാസം പ്രായമുള്ള മകളുണ്ട്.