ഇരു കൈവരികളും തകർന്ന് ചീങ്കല്ലേൽ പാലം; അപകടം പതിയിരിക്കുന്നത് എംസി റോഡിൽ
1542808
Tuesday, April 15, 2025 11:54 PM IST
കുറവിലങ്ങാട്: ആയിരക്കണക്കിനു വാഹനങ്ങൾ യാത്രനടത്തുന്ന എംസി റോഡിൽ കണ്ണൊന്നു പിഴച്ചാൽ തോട്ടിലാകും യാത്ര. എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്താണ് ഈ ചതിക്കുഴി. ഇവിടുത്തെ പാലത്തിന്റെ ഇരുവശങ്ങളിലേയും കൈവരികൾ തകർന്നൊടിഞ്ഞ നിലയിലാണ്.
മോനിപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വളവു തിരിഞ്ഞാലുടൻ എത്തുന്നത് ഈ പാലത്തിലാണ്. ഏത് വശത്തേക്കു വാഹനം അല്പം നിയന്ത്രണം വിട്ടാലും സംരക്ഷണത്തിന് ഒടിഞ്ഞുതകർന്ന കൈവരികൾ മാത്രമാണുള്ളത്. പലതവണ വാഹനങ്ങൾ ഇടിച്ച കൈവരികൾ റോഡിൽനിന്ന് അകന്നുമാറിയ നിലയിലാണ്.
കോടികൾ ചെലവഴിച്ചു കെഎസ്ടിപി വികസനം നടത്തിയ റോഡിൽ പാലത്തിന് ശക്തമായ കൈവിരികൾ നിർമിക്കാൻ പോലും കഴിഞ്ഞില്ലെന്നതാണ് സ്ഥിതി. നാട്ടുകാർ ചുവന്ന ചായക്കടലാസുകൾ കെട്ടി അപകടഭീഷണി സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.