സിന്തറ്റിക്ക് ഡ്രഗ്ഗുകളിൽനിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടണം: കാതോലിക്കാബാവാ
1542736
Monday, April 14, 2025 6:51 AM IST
കോട്ടയം: കലാലയങ്ങളിലടക്കം കുട്ടികൾ ലഹരിവലയിലേക്ക് വീഴുന്നതായി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന സിനിമകൾ കുട്ടികൾക്ക് പ്രചോദനമാകുന്നുണ്ട്. സിന്തറ്റിക്ക് ഡ്രഗ്ഗുകളിൽനിന്ന് സിന്തറ്റിക്ക് ട്രാക്കുകളിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടണം. ഇക്കാര്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്റേത് മികച്ച മാതൃകയാണ്.
മൊബൈൽ ഫോണുകളിൽ തളയ്ക്കപ്പെടുന്ന ബാല്യത്തിൽനിന്നു കുട്ടികളെ കളിക്കളങ്ങളിലേക്കാണ് കളക്ടർ സ്വാഗതം ചെയ്തത്. കുട്ടികൾ വായനാശീലത്തിൽ വളരണമെന്നും ലോകത്തെ ജയിച്ചവരുടെ ചരിത്രം കുട്ടികൾക്ക് പ്രചോദനമാകണമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ രാവിലെ പ്രഭാതനമസ്ക്കാരത്തിന് ശേഷം പ്രദക്ഷിണവും കുരുത്തോല വാഴ്വും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. കുര്യാക്കോസ് മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകി.
വലിയ ആഴ്ചയിൽ കാതോലിക്കാബാവാ മാതൃ ഇടവകയിൽ താമസിച്ച് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി എം.എ. അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി സെബിൻ ബാബു എന്നിവർ അറിയിച്ചു.