ചങ്ങനാശേരിയിലെ റേഷന്‍കടകളില്‍ ഈ മാസത്തെ അരി എത്തിയില്ല : വിഷുവിന് കിട്ടിയില്ല; ഈസ്റ്ററിനു കിട്ടുമെന്ന് ഉറപ്പില്ല
1542753
Monday, April 14, 2025 7:07 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ റേഷന്‍ കടകളില്‍ ഈ മാസത്തെ ഭക്ഷ്യസാധനങ്ങള്‍ എത്തിയില്ല. വിഷുവിന് അരി വിതരണം മുടങ്ങി. ഈസ്റ്ററിനും കിട്ടുമെന്ന് ഉറപ്പില്ല. താലൂക്കില്‍ 147 റേഷന്‍ കടകളാണുള്ളത്. റേഷന്‍ വ്യാപാരികളുടേയും കാര്‍ഡ് ഉടമകളുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ആറുകടകളില്‍ സപ്ലൈകോയില്‍നിന്നും ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. 141 കടകളില്‍ സാധനങ്ങള്‍ ഇനിയും എത്തിയിട്ടില്ല.
സാധനങ്ങളില്ലാത്തതുമൂലം വിഷുവിന് സാധാരണക്കാര്‍ക്ക് റേഷന്‍കടകളില്‍നിന്നു സാധനങ്ങള്‍ ലഭ്യമായില്ല. വിഷു പ്രമാണിച്ച് ഇന്ന് റേഷന്‍കടകള്‍ക്ക് അവധിയാണ്. നാളെയും ബുധനാഴ്ചയുമായി സാധനങ്ങള്‍ കടകളില്‍ എത്തിയെങ്കിലേ ഈസ്റ്ററിനും ഭക്ഷ്യവിതരണം നടക്കുകയുള്ളു. കഴിഞ്ഞമാസവും അവസാന ദിനങ്ങളിലാണ് റേഷന്‍കടകളില്‍ സാധനങ്ങളെത്തിയത്. പല കടകളിലും സ്റ്റോക്കുള്ള അരി പുഴുക്കെട്ടും പൂപ്പലുമുള്ളതാണെന്നു കാര്‍ഡ് ഉടമകള്‍ പറയുന്നു.
എവൈ, പിഎച്ച്എച്ച് തുടങ്ങിയ വിഭാഗങ്ങള്‍ക്കുള്ള ആട്ട, കോന്നിയിലെ മില്ലില്‍നിന്നു പായ്ക്കു ചെയ്തു സപ്ലൈകോ ഗോഡൗണില്‍ എത്താന്‍ വൈകിയതാണ് കടകളില്‍ സാധനങ്ങള്‍ എത്താന്‍ വൈകിയതിനു കാരണമെന്നാണ് സപ്ലൈകോ അധികൃതരുടെ ഭാഷ്യം.