കടുത്തുരുത്തിയോട് സര്‍ക്കാരിന് അവഗണന; ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും
1542897
Wednesday, April 16, 2025 2:12 AM IST
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തോട് വികസന രംഗത്ത് സംസ്ഥാന സര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഒരു വികസനകാര്യവും മണ്ഡലത്തില്‍ നടക്കാന്‍ സമ്മതിക്കില്ലെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ശത്രുക്കാരോടെന്ന പോലെയാണ് പ്രതിപക്ഷ മണ്ഡലങ്ങളെ സര്‍ക്കാര്‍ കാണുന്നത്. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിര്‍മിക്കാനായി എട്ടേക്കര്‍ സ്ഥലം നികത്താന്‍ അനുമതി തേടി സര്‍ക്കാരിനു മുമ്പില്‍ നില്ക്കാന് തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായി. രേഖയില്മാത്രം നിലം എന്ന് കിടക്കുന്ന കടുത്തുരുത്തി പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ സ്ഥലം നികത്താനാണ് അനുമതി ലഭിക്കാത്തത്.
കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ പാഴായിപ്പോകുന്ന അവസ്ഥയാണ്. കടുത്തുരുത്തി - പിറവം റോഡ് തകര്‍ന്നത് നന്നാക്കാനാവാതെ കിടക്കുന്നത് പൊതുമരാമത്ത് - ജലവിഭവ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ്.
നാലു വര്‍ഷമായി ഫയലുകള്‍ക്ക് പുറകേ ദൈനംദിനം നടക്കുകയാണ്. കീഴൂര്‍ - അറുന്നൂറ്റിമംഗലം - ഞീഴൂര്‍ റോഡ് വികസനവും നടപ്പാകുന്നില്ല.
ഉഴവൂര്‍ - കോട്ടയം മെഡിക്കല്‍ കോളജ് റോഡ് വികസന പദ്ധതിയും എങ്ങുമെത്തിയില്ല.
കുറവിലങ്ങാട് സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടം പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ല. മുട്ടുചിറ - എഴുമാന്തുരുത്ത് - വടയാര്‍ - വെള്ളൂര്‍ - മുളക്കുളം റോഡ് വികസനം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കെതിരേ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.