കണമലയ്ക്ക് കണ്ണീരായി കാർത്തികയുടെ വിയോഗം
1542532
Sunday, April 13, 2025 11:17 PM IST
കണമല: ഏകമകൾ മൈസൂരുവിൽ അപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ മാതാപിതാക്കൾ. ഇവരെ ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ണീരടക്കി തേങ്ങുകയാണ് ബന്ധുക്കൾ. പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏകമകൾ കാർത്തിക ബിജു (25) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. കഴിഞ്ഞ ദിവസം ഏറെ സന്തോഷത്തോടെ കാർത്തിക വീട്ടിൽ വിളിച്ചു മാതാപിതാക്കളോട് അവധിക്ക് ഉടനെ നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. മകളെ കാണാൻ എല്ലാം ഒരുക്കി കാത്തിരിക്കുകയായിരുന്ന മാതാപിതാക്കൾ അവളുടെ മരണവിവരമാണ് അറിയുന്നത്.
ഏറെ സമർഥയായിരുന്ന കാർത്തിക പഠനങ്ങളിൽ റാങ്കുകളും ഒട്ടേറെ മെഡലുകളും നേടിയിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും അതീവ ദുഃഖത്തിലാണ് ഇന്നലെ അവളുടെ മരണ വിവരം അറിഞ്ഞ് വീട്ടിൽ എത്തിയത്.
പഞ്ചായത്ത് അംഗങ്ങളായ ജിജിമോൾ സജി, ജിൻസി എന്നിവർ ഉൾപ്പെടെ ഒട്ടേറെ നാട്ടുകാർ വീട്ടിൽ എത്തിയിരുന്നു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോഴാണ് അപകടം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരു നഞ്ചന്‍ഗുഡ് ദേശീയപാതയിലാണ് അപകടം നടന്നത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ബന്ധുക്കളെ പോലീസ് അറിയിച്ചു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നിമറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. കാർത്തിക അപകടസ്ഥലത്തുതന്നെ മരിച്ചു.
ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ജി. ഗിരിശങ്കർ തരകൻ (26) ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാർത്തികയുടെ മൃതദേഹം ഇന്നു രാവിലെ വീട്ടിൽ എത്തിക്കും.