മെതിയന്ത്രം വന്നില്ല; കൊയ്തുകൂട്ടിയ കറ്റ കര്ഷകന് കത്തിച്ചു
1542801
Tuesday, April 15, 2025 11:54 PM IST
കോട്ടയം: നീലംപേരൂര്‍ മുക്കോടിയില്‍ കൊയ്തുകൂട്ടിയ രണ്ടേക്കര്‍ പാടത്തെ കറ്റ ഗതികെട്ട കര്ഷകന് ചാമ്പലാക്കാന്‍ നിര്‍ബന്ധിതനായി. ഈര തൊടുകയില്‍ സോണിച്ചനാണ് പാടത്ത് കൊയ്തടുക്കിയ കറ്റ ഹൃദയവ്യഥയോടെ തീയിട്ടുനശിപ്പിച്ചത്.
കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതോടെ സോണിച്ചന്‍ 40 തൊഴിലാളികളെ ഇറക്കി രണ്ടു ദിവസം കൊയ്തു. ചുമട്ടുകാരെ ഉപയോഗിച്ച് കറ്റ മറ്റൊരാളുടെ പാടത്ത് കൂട്ടി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്തതിനുശേഷം മെതിയന്ത്രം വരാന്‍ ഒരാഴ്ച കാത്തിരുന്നു. നാളെ വരാം എന്ന മട്ടില്‍ യന്ത്രം നടത്തിപ്പുകാര്‍ പല തവണ ഉറപ്പുനല്‍കിയതല്ലാതെ നടപടിയുണ്ടായില്ല.
വേനല്‍മഴ അതിശക്തമായ സാഹചര്യത്തില്‍ പാടത്തെ കറ്റ ബാധ്യതയായപ്പോള്‍ മാസങ്ങളുടെ അധ്വാനവും ചെലവും ചാമ്പലാക്കാന്‍ സോണിച്ചന്‍ നിര്‍ബന്ധിതനായി. കുറഞ്ഞത് 60 ക്വിന്റല്‍ നെല്ലാണ് ചാരമാക്കിയത്. കഴിഞ്ഞ മാസം കൊയ്ത നാല്പതു ക്വിന്റല്‍ നെല്ല് അഞ്ചു കിലോ കിഴിവോടെ മില്ലുകാര്‍ക്ക് കൊടുത്തു. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തെടുക്കുമെന്നറിയാതെ ആശങ്കയിലാണ് സോണിച്ചന്‍.
സമയബന്ധിതമായി യന്ത്രം എത്താത്ത സാഹചര്യത്തില്‍ ഒരിടത്തും കൊയ്ത്ത് പ്രായോഗികമാകില്ല. മറ്റൊരു മാര്‍ഗവുമില്ലാതെ വിളവുനിറഞ്ഞ നെല്‍പ്പാടം ഒന്നാകെ തീയിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ കര്‍ഷകര്‍.
സോണിച്ചന്റെ മാത്രമല്ല, മുക്കോടി പാടശേഖരത്തിലെ 50 ഏക്കറില്‍ 25 ഏക്കറിലും കൊയ്ത്ത് നടന്നിട്ടില്ല. പാടത്ത് വെള്ളം നിറഞ്ഞതോടെ ഉള്‍പ്രദേശത്തെ പാടങ്ങളില്‍ പുഞ്ചക്കൊയ്ത്തും വില്പനയും നടക്കാനിടയില്ല. ഈര, നീലംപേരൂര്‍, കുറിച്ചി പ്രദേശങ്ങളിലെ ഇരുന്നൂറ് ഏക്കര്‍ പാടത്ത് കൊയ്ത്ത് മുടങ്ങാനാണ് സാധ്യത.