വിഷു: വിപണിയിൽ ഉണർവ്
1542538
Sunday, April 13, 2025 11:46 PM IST
കോട്ടയം: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ഉത്സവമായ വിഷു ആഘോഷിക്കുന്നതിനായി നാടും നാഗരവും ഒരുങ്ങി. വിഷുക്കണിഒരുക്കുന്നതിനായുള്ള സാധന സാമഗ്രികൾ വാങ്ങുന്നതിനും പുതു വസ്ത്രങ്ങൾ വാങ്ങുന്നതിനുമായി കുടുംബങ്ങൾ എത്തിയതോടെ നഗരങ്ങൾ തിരക്കിലമർന്നു.
ഇന്നലെ രാവിലെ മുതൽ ജില്ലയിയിലുടനീളം പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പതിവിൽനിന്നു വ്യത്യസ്തമായി നാട്ടിൻപുറങ്ങളിൽ വീട്ടമ്മമാരും പുരുഷ അയൽക്കൂട്ടങ്ങളുമൊക്കെ പ്രാദേശികമായി ഉത്പാദിപ്പിച്ച കണിവെള്ളരിയും തണ്ണിമത്തനും മാങ്ങയും ചക്കയുമൊക്കെ പാതയോരങ്ങളിൽ മിതമായ നിരക്കിൽ വിൽപന നടത്തിയത് വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമിടയിൽ സാധാരണക്കാർക്ക് ഏറെ അനുഗ്രഹമായി. കൊന്നപ്പൂവ് വിഷുവിന് പ്രധാനമാണ്. വിഷുവിനു ദിവസങ്ങൾക്ക് മുമ്പേ കൊന്നകൾ പൂത്തുലഞ്ഞിരുന്നു. വഴിയോരങ്ങളിൽ പലയിടങ്ങളിലും കൊന്നപ്പൂക്കൾ വിൽക്കാൻ കുട്ടികളെത്തിയിരുന്നു.
പ്രധാന വീഥികളിലെല്ലാം കണിക്കൊന്ന പൂക്കളുടെ വിൽപന രാവിലെ മുതൽ പൊടിപൊടിച്ചു. പഴം പച്ചക്കറികളും കണിയൊരുക്കാനുള്ള വിഭവങ്ങളുമായി ആരംഭിച്ച കുടുംബശ്രീയുടെ വിഷു ചന്തകളിലും സപ്ലൈകോ തുറന്ന വിഷു ചന്തകളിലും വലിയ തിരക്കനുഭവപ്പെട്ടു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും വിഷുത്തലേന്ന് ഉണർവിലായിരുന്നു.
മുൻ വർഷത്തേക്കാൾ കൂടുതൽ പടക്കക്കടകൾ നിരന്നത് ഇക്കുറിയാണ്. ശബ്ദം കുറഞ്ഞ അപകടരഹിതമായ പടക്കങ്ങളോട് കുട്ടികൾക്കടക്കം പ്രിയമേറിയതാണ് പടക്ക വിപണി സജീവമാകാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വർണവിസ്മയം തീർക്കുന്ന ശിവകാശി പടക്കങ്ങളുടെ വിൽപനയും തകൃതിയായി നടന്നു.
ഓണം കഴഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. രാവുംപകലും തുല്യമായ ദിവസമാണ് വിഷു. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലമെന്നാണ് ഇതിനു പറയുക. വിഷുക്കണി ഒരുക്കുക, കണികാണുക, കൈനീട്ടംവാങ്ങുക, പുതുവസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷുസദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ.