മൂത്തേടത്തുകാവ് ഭഗവതീ ക്ഷേത്രത്തിൽ എരിതേങ്ങ സമർപ്പണം ഭക്തിനിർഭരമായി
1542890
Wednesday, April 16, 2025 2:12 AM IST
വൈക്കം: വൈക്കം മഹാദേവക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിലെ പ്രധാന ചടങ്ങായ എരിതേങ്ങ സമർപ്പണം ഭക്തിനിർഭരമായി. മധുരാപുരി കത്തിയമർന്നതിന്റെ പ്രതീകമായാണ് എരിതേങ്ങ സമർപ്പിക്കുന്നത്.
കണ്ണകി ദേവിയായും വൈക്കത്തപ്പന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്തുകാവിലെ പ്രതിഷ്ഠയെന്നാണ് സങ്കല്പം. ഉത്സവത്തിനു ചാരുത പകർന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ഗരുഡൻ തൂക്കമെത്തി. വാദ്യഘോഷങ്ങൾ, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന താലപ്പൊലികളിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു.
രാത്രി 12ന് നടന്ന അരിയേറോടെ ഉത്സവത്തിന് സമാപനമായി. മധുരാപുരിയിലേക്കുപോയ ദേവി മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം ഒന്നിനു തിരിച്ചുവന്ന ശേഷമാണിനി ക്ഷേത്രനട തുറന്നു പൂജകൾ ആരംഭിക്കുക. ക്ഷേത്രം ഊരാഴ്മ ഇണ്ടുംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി വി. ഹരിഹരൻ നമ്പൂതിരി, എ.വി. വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ഉത്സവ ചടങ്ങുകൾക്ക് നേതൃത്വം നൽകി.