നാല്പത് മണി ആരാധനയിൽ ആയിരങ്ങൾ; അനുഗ്രഹമാരിയായി ദിവ്യകാരുണ്യപ്രദക്ഷിണം
1542813
Tuesday, April 15, 2025 11:54 PM IST
കുറവിലങ്ങാട്: ആഗോളമരിയൻ തീർഥാടന കേന്ദ്രമായ മർത്ത്മറിയം മേജർ ആർക്കിഎപ്പിസ്കോപ്പൽ അർക്കദിയാക്കോൻ ദേവാലയത്തിൽ 40 മണി ആരാധനയിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം. മൂന്ന് ദിനങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ആരാധനയിൽ പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നടക്കമുള്ള വിശ്വാസികളാണ് എത്തിച്ചേരുന്നത്. വലിയ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പീഡാനുഭവ സ്മരണകളിൽ നിറഞ്ഞ് ദിവ്യകാരുണ്യസന്നിധിയിലായിരിക്കാൻ ആഗ്രഹിക്കുന്നവരേറെയാണ്. ഇടവകയിൽ പുരാതന കാലം മുതലേ വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന 40 മണി ആരാധന ഏറെ പ്രസിദ്ധവുമാണ്. ദിവ്യകാരണ്യപ്രദക്ഷിണത്തിൽ എത്തുന്നതും ആയിരക്കണക്കിന് വിശ്വാസികളാണ്.
ഇക്കുറി ആരാധനയുടെ ദിനങ്ങളിലാണ് വാർഷിക ധ്യാനവും ഒരുക്കിയിട്ടുള്ളത്. ഇടവകയിൽ ഹോം മിഷന് നേതൃത്വം നൽകുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹമാണ് ധ്യാനം നയിക്കുന്നത്.
പെസഹാ വ്യാഴാഴ്ചത്തെ തിരുകർമ്മങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും. പൊതു ആരാധന വൈകുന്നേരം അഞ്ച് മുതൽ ആറുവരെ.
വെള്ളിയാഴ്ച ഏഴിന് തിരുകർമങ്ങൾ ആരംഭിക്കും. മൂന്നിന് പാനവായന. നാലിന് കോഴാ കപ്പേളയിലേക്ക് കുരിശിന്റെ വഴി.
ശനിയാഴ്ച ഏഴിന് തിരുക്കർമങ്ങൾ തുടങ്ങും. ഉയിർപ്പ് തിരുക്കർമങ്ങൾ പുലർച്ചെ മൂന്നിന്. 5.30, 7.00. 8.45, 4.30 എന്നീസമയങ്ങളിൽ വിശുദ്ധ കുർബാന.