സര്‍ക്കാര്‍ നടപടി അപലപനീയം: കത്തോലിക്ക കോണ്‍ഗ്രസ്
1542811
Tuesday, April 15, 2025 11:54 PM IST
പാലാ: ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെവഴിക്ക് പോലീസ് അനുമതി നിഷേധിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി പ്രതിഷേധിച്ചു. എല്ലാ വര്‍ഷവും ഓശാന ഞായറാഴ്ച ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കടന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ അവസാനിക്കുന്ന രീതിയില്‍ ദൃശ്യാവിഷ്കാരത്തോടെ നടത്തിയിരുന്ന കുരിശിന്റെവഴിക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നു കാട്ടി പോലീസ് അനുമതി നി ഷേധിക്കുകയായിരുന്നു.
2022 ല്‍ ജഹംഗീര്പുരിയില് ഉണ്ടായ വ്യാപക അക്രമങ്ങളില്‍ പോലീസിനും നാട്ടുകാര്‍ക്കും വന്‍തോതില്‍ പരിക്ക് ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ഹനുമാന് ജയന്തി റാലിയുമായി ഇതിനെ തുലനം ചെയ്യാനാവില്ല. ജനാധിപത്യപരമായും ഭരണഘടനപരമായും അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി. എം. ജോര്‍ജ്, ജോണ്സന് ചെറുവള്ളി, പയസ് കവളമ്മക്കല്, സിന്ധു ജയിബു, ടോമി കണ്ണീറ്റുമാലില്‍, സാബു പൂണ്ടികുളം, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല, ബെല്ലാ സിബി, അജിത് അരിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.