മാമ്മൂട് കൊച്ചുറോഡില്‍ വഴിയോര വിശ്രമകേന്ദ്രം തുറന്നു
1532307
Wednesday, March 12, 2025 6:58 AM IST
മാമ്മൂട്: മാടപ്പള്ളി പഞ്ചായത്ത് വാഴൂര്‍ റോഡില്‍ കൊച്ചുറോഡിനു സമീപം പൂര്‍ത്തിയാക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം തുറന്നു. മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരമേനോന്‍ അധ്യക്ഷത വഹിച്ചു.
യാത്രക്കാര്‍ക്കായി വിശ്രമ സൗകര്യം, ശുചിമുറി, മൊബൈല്‍ ചാര്‍ജിംഗ് സ്പോട്ട്, ലഘുഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളാണ് ടേക്ക് എ ബ്രേക്കിലുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറിയും അമ്മമാര്‍ക്കായി മുലയൂട്ടല്‍ മുറിയും ക്രമീകരിച്ചിട്ടുണ്ട്.
വാഴൂര്‍ റോഡിലൂടെ വാഗമണ്‍, തേക്കടി, മൂന്നാര്‍, കുമളി തുടങ്ങിയ ഹൈറേഞ്ച് മേഖലയിലേക്കു പോകുന്ന വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ടേക്ക് എ ബ്രേക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എ. ബിന്സണ്, ബാബു പാറയില്‍, പഞ്ചായത്തംഗങ്ങളായ പി.എം. നൗഫല്‍, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സന്ധ്യ എസ്. പിള്ള, സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് സെക്രട്ടറി കെ. വിനോദ്, പഞ്ചായത്ത് സെക്രട്ടറി റിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.