എരുമേലിയിൽ 88.83 കോടിയുടെ ബജറ്റ്
1531774
Tuesday, March 11, 2025 12:05 AM IST
എരുമേലി: മൂന്നുകോടി ചെലവിട്ട് സ്ഥലം വാങ്ങി പുതിയ പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതടക്കം വയോജനങ്ങൾക്ക് ഉല്ലാസയാത്ര പോകാൻ 15 ലക്ഷവും ഉൾപ്പെടെ വിവിധ പ്രഖ്യാപനങ്ങളുമായി എരുമേലി പഞ്ചായത്തിന്റെ ബജറ്റ്. ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി.ഐ. അജി ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. 88,83,55,757 രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 88,27,24,240 രൂപ ചെലവും 56,31,517 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
നിലവിലുള്ള പഞ്ചായത്ത് ഓഫീസിൽ സൗകര്യം കുറവായതിനാൽ പുതിയ ഓഫീസ് നിർമിക്കാൻ വേണ്ടി സ്ഥലം വാങ്ങുന്നതിന് മൂന്നു കോടി രൂപയും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നിർമിക്കുന്നതിന് മൂന്നുകോടിയും ലൈഫ് പാർപ്പിട പദ്ധതിക്ക് 24 കോടിയും കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസിന് 40 ലക്ഷവും വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവർക്ക് ധനസഹായ പദ്ധതിയിൽ 20 ലക്ഷവും മാറ്റിവച്ചു.
ശുചിത്വ പരിപാലന പദ്ധതിയിൽ ഫീക്വൽ സ്ലെഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റിനും ഡബിൾ ചേംബർ ഇൻസിനേറ്റർ ഉൾപ്പടെ പദ്ധതികൾക്ക് അഞ്ചു കോടിയും മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് പുനർ നിർമാണത്തിന് രണ്ട് കോടിയും കുടിവെള്ള പദ്ധതിക്ക് 60 ലക്ഷവും കുടിവെള്ള വിതരണത്തിന് പത്ത് ലക്ഷവും ഡയാലിസിസ് കിറ്റ് വിതരണത്തിന് പത്ത് ലക്ഷവും പാലിയേറ്റീവ് കെയർ പദ്ധതിക്ക് 25 ലക്ഷം ഉൾപ്പെടെ ആരോഗ്യ മേഖലയിൽ 95 ലക്ഷവും ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതിക്ക് 25 ലക്ഷവും പട്ടികജാതി-പട്ടികവർഗ ക്ഷേമപദ്ധതിക്ക് ആറു ലക്ഷവും ഈസി കിച്ചൺ പദ്ധതിക്ക് 17.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മുട്ടപ്പള്ളിയിൽ ആരോഗ്യ ഉപകേന്ദ്രം നവീകരണത്തിന് രണ്ടു ലക്ഷവും കായികക്ഷേമത്തിന് 11.5 ലക്ഷവും ലഹരിവിരുദ്ധ കാമ്പയിന് ഒരു ലക്ഷവും പ്രൈമറി സ്കൂൾ കുട്ടികൾക്ക് മുട്ടയും പാലും പദ്ധതിക്ക് 2.5 ലക്ഷവും തെരുവുനായ പ്രതിരോധത്തിന് 2.4 ലക്ഷവും അഴുത കടവ് നവീകരണത്തിന് അഞ്ചു ലക്ഷവും മൂക്കൻപെട്ടി അരുവിക്കൽ വെള്ളച്ചാട്ടം ടൂറിസം പദ്ധതിക്ക് 15 ലക്ഷവും ഇക്കോ ടൂറിസം പദ്ധതിക്ക് 25 ലക്ഷവും കമുകിൻകുഴിയിൽ ശ്മശാനത്തിന് അഞ്ചു ലക്ഷവും പേട്ടക്കവലയിൽ ടാക്സി സ്റ്റാൻഡിൽ ഓട സ്ലാബ് നിർമാണത്തിന് ഒരു ലക്ഷവും തൊഴിലുറപ്പ് പദ്ധതിയിലേക്ക് 5.50 കോടിയും വകയിരുത്തി.