കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിൽ ഏവിയേഷൻ കോഴ്സ് ഉദ്ഘാടനം
1532063
Tuesday, March 11, 2025 11:56 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളജിൽ തൊഴിലധിഷ്ഠിത ഏവിയേഷൻ കോഴ്സിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും. കോളജ് ഡയറക്ടർ ഡോ. ലാലിച്ചൻ കല്ലമ്പള്ളി അധ്യക്ഷത വഹിക്കും. റവ.ഡോ. സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മുഖ്യപ്രഭാഷണവും നടത്തും. പഞ്ചായത്തംഗം പി.എ. ഷമീർ, സെക്രട്ടറി ജോസ് ആന്റണി, ചെയർമാൻ പി.എം. ജേക്കബ് പൂതക്കുഴി, പ്രിൻസിപ്പൽ എ.ആർ. മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ്, വിഷ്ണു രാജേന്ദ്രൻ, ബേബി മാത്യു, ലൂസിയാമ്മ ജോസഫ്, അരുൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഒരു വർഷ പ്രഫഷണൽ ഡിപ്ലോമ ഇൻ ഏവിയേഷനും പത്താം ക്ലാസ് പാസായവർക്ക് ഒരുവർഷ ഡിപ്ലോമ കോഴ്സിനും ചേരാവുന്നതാണ്. ഒരു വിമാനത്തിന്റെ ഉൾവശം എന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ആധുനിക ക്ലാസ് മുറിയിലാണ് അധ്യയനം നടത്തുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ്പുകൾ വിമാനത്താവളങ്ങളിൽ തന്നെയാണ് ക്രമീകരിക്കുന്നത്.
ബംഗളൂരുവിനും തിരിച്ചുമുള്ള സൗജന്യ വിമാനയാത്രയും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നു കോളജ് അധികാരികൾ അറിയിച്ചു. സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ പ്രത്യേകം അധ്യയനവും ക്രമീകരിച്ചിട്ടുണ്ട്. നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ്സ് നൽകുന്ന കോളജ്, ബംഗളൂരു സ്റ്റാർ ലൈൻ ഏജൻസിയുമായി ചേർന്ന് ഫൈനൽ ഗ്രൂമിംഗിനുള്ള കരാറിലും ഏർപ്പെട്ടിട്ടുണ്ട്. ആധുനിക കംപ്യൂട്ടർ ലാബ്, ഫാഷൻ ഡിസൈനറുടെ സഹായത്തോടെ ഗ്രൂമിംഗ്, സിനി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സഹായത്തോടെ മേക്ക് ഓവർ സെഷനുകളും ക്രമീകരിക്കും.
വ്യക്തിത്വ വികസനത്തിനും കസ്റ്റമർ റിലേഷൻഷിപ്പ് വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സെഷനുമുണ്ട്. രാജ്യത്ത് നിരവധി എയർപോർട്ടുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, റാമ്പ്, എയർ ഹോസ്റ്റസ്, സ്റ്റുവാർഡ് എന്നിവ കൂടാതെ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണെന്നും ഈ അവസരങ്ങൾ നാട്ടിൻപുറത്ത് ചെലവു കുറച്ച് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ കോഴ്സ് ആരംഭിക്കുന്നതെന്നും ഡയറക്ടർ ഡോ. ലാലിച്ചൻ കല്ലമ്പള്ളി, സെക്രട്ടറി ജോസ് ആന്റണി, പ്രിൻസിപ്പൽ എ.ആർ. മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ് എന്നിവർ വ്യക്തമാക്കി.