വന്യമൃഗ ആക്രമണം; പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ
1532057
Tuesday, March 11, 2025 11:56 PM IST
ഈരാറ്റുപേട്ട: മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും മന്ത്രി എ. കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷനു കീഴിലും പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്.
ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിംഗ് ഫെൻസിംഗ്, സോളാർ ഫെൻസിംഗ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട്, ആർകെവിവൈ ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസുകൾ ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.