തീരദേശ റോഡില്‍ പൈപ്പ് പൊട്ടി
1532299
Wednesday, March 12, 2025 6:51 AM IST
കടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില്‍ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതു നാലാം തവണയാണ് ഇവിടെതന്നെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി നശിക്കുന്നത്. തകര്‍ന്നു കിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്ച്ചയിലാക്കിയാണ് വാട്ടര്‍ അഥോറിറ്റിയുടെ പതിവ് പൈപ്പ് പൊട്ടല്‍.
വാട്ടര്‍ അഥോറിറ്റിയുടെ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന പൈപ്പാണ് പൊട്ടിയത്. ഇവിടെ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
കടുത്തുരുത്തിയില്‍നിന്നുള്ള പ്രവേശനഭാഗത്ത് ഏതാനും മീറ്ററുകള്‍ ദൂരത്തിലാണ് പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നത്. വെള്ളമൊഴുകുന്ന ഭാഗത്തുകൂടി വണ്ടികള്‍ കടന്നുപോയാല്‍ അപകട സാധ്യതയുമുണ്ട്.
കടുത്ത വേനലില്‍ വെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോഴാണ് വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥയെത്തുടര്‍ന്ന് കുടിവെള്ളം അളവില്ലാതെ ഒഴുകി നശിക്കുന്നത്. തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ പല സ്ഥലത്തായി ഇതിനോടകം ജോയിന്റില്‍ ലീക്ക് വന്ന് വെള്ളം പൊട്ടിയൊഴുകി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്‍ന്നുകിടന്ന തീരദേശ റോഡിന്റെ അവസ്ഥ ശോചനീയമാക്കിയത്.