കെസിബിസി പ്രോലൈഫ് ദിനാചരണം പാലായില്‍ 26ന്
1531778
Tuesday, March 11, 2025 12:05 AM IST
പാലാ: 2025ലെ കെസിബിസി പ്രോലൈഫ് ദിനാചരണവും വാര്‍ഷികവും 26ന് അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ ഒന്പതുമുതല് വൈകുന്നേരം നാലുവരെ നടക്കുന്ന പരിപാടികള്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് സുരക്ഷയുള്ള ജീവന് പ്രത്യാശയുള്ള കുടുംബം എന്ന ഈ വര്‍ഷത്തെ ആപ്തവാക്യം മുന്‍നിർത്തി പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും ജീവനെതിരേയുള്ള ആനുകാലിക വിഷയങ്ങളെക്കുറിച്ചും സെമിനാറും ചര്‍ച്ചകളും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പൊതുസമ്മേളനം ആരംഭിക്കും.
കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും പാലാ രൂപതയിലെ വിവിധ ഇടവകകള്‍, സന്യാസഭവനങ്ങള്‍, സംഘടനകള്‍, കോളജുകള്‍ തുടങ്ങിയവയില്‍നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പ്രോലൈഫ് പ്രവര്‍ത്തകരെ ആദരിക്കും.
പാലാ രൂപത പ്രോലൈഫ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു എം. കുര്യാക്കോസ്, പ്രോലൈഫ് സമിതി സംഘടന ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, ഡോ. ഫെലിക്സ് ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ മാതൃവേദി, പിതൃവേദി അംഗങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.