ലഹരിസങ്കേതം നീക്കം ചെയ്ത് ചെങ്ങളം ജനകീയ കൂട്ടായ്മ
1531864
Tuesday, March 11, 2025 5:50 AM IST
ചെങ്ങളം: ചെങ്ങളം മൂന്നുമൂല കേളക്കരി ഭാഗത്ത് ലഹരി ഉപയോഗവും ബഹളവും രൂക്ഷമായതോടെ പ്രദേശവാസികൾക്ക് ഏറെ നാളായി ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇരുട്ടിത്തുടങ്ങുന്നതോടെ ഒത്തുകൂടുന്ന യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും അസഭ്യവർഷവുമാണ് ഇവിടത്തുകാരുടെ ഉറക്കം കെടുത്തിയിരുന്നത്.
എവിടെനിന്നൊക്കെയോ എത്തുന്ന യുവാക്കൾ ആളാൊഴിഞ്ഞ ഭാഗത്ത് സ്വൈരവിഹാരത്തിനായി സങ്കേതവും ഒരുക്കിയിരുന്നു. പാടവരമ്പിലൂടെ യഥേഷ്ടം നടന്നെത്താനും വാഹനങ്ങളിൽ എത്താനും കഴിയുന്ന സ്ഥലം നോക്കിയാണ് താവളം ഒരുക്കിയിരുന്നത്.
തിരുവാർപ്പ് പഞ്ചായത്ത് 18 -ാം വാർഡ് നിവാസികൾ ഒത്തുകൂടി തങ്ങളുടെ കുട്ടികളും ചതിക്കുഴിയിൽ വീഴാൻ ഇക്കൂട്ടർ കാരണമാകുമെന്ന തിരിച്ചറിവിൽ സങ്കേതം പൊളിച്ചു നീക്കുകയായിരുന്നു. ഇനിയും ശല്യം തുടർന്നാൽ പോലീസിന്റെ സഹായത്തോടെ ലഹരിസംഘത്തെ തുരത്താൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ജനകീയ കൂട്ടായ്മ.